ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ പരിസരത്തോ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് പത്രികയില്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ്, തിരഞ്ഞെടുപ്പ് പ്രചാരകന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
അതേസമയം, സര്‍ക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്നും സംസ്‌കൃത ഭാഷാ വികസനത്തിന് പ്രത്യേക പദ്ധതികളൊരുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാ ഗ്രാമങ്ങളിലും പശു സംരക്ഷണത്തിനായി ‘ഗോശാലകള്‍’ നിര്‍മിക്കുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു.