ആമസോണ്‍ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0; ഇന്ത്യയെ നശിപ്പിക്കുമെന്ന് ആര്‍എസ്എസ് വാരിക !

ന്യൂഡല്‍ഹി: ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് വാരിക പാഞ്ചജന്യ. ആമസോണ്‍ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടോടെ സി ഇ ഒ ജെഫ് ബെസോസിന്റെ മുഖചിത്രവുമായാണ് വാരിക തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കന്‍ കമ്പനിയെ രൂക്ഷമായി വിരമര്‍ശിച്ചുകൊണ്ട് വാരിക കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നത്.

ആമസോണിനെ ഇന്ത്യന്‍ സംസ്‌കാരത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയായാണ് മാസികയില്‍ വരച്ചുകാട്ടിയിരിക്കുന്നത്. പാഞ്ചജന്യത്തിന്റെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ തന്റെ ട്വിറ്ററില്‍ മാസികയുടെ കവര്‍ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ പിടിച്ചടക്കാന്‍ വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതേ കാര്യങ്ങളാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ആമസോണ്‍ ഇന്ത്യന്‍ വിപണി കീഴടക്കാനുള്ള പദ്ധതിയിലാണെന്നും ലേഖകര്‍ വാദിക്കുന്നു. ‘ഇങ്ങനെ ചെയ്യുക വഴി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞെന്നും വിമര്‍ശനമുണ്ട്.

ആമസോണ്‍ വീഡിയോ പ്ലാറ്റ്‌ഫോം ആമസോണ്‍ പ്രൈമിനെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ വാരിക ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന് നിരക്കാത്ത സിനിമകളും ടെലിവിഷന്‍ സീരീസുകളുമാണ് പ്രൈം പ്രേക്ഷകരിലെത്തിക്കുന്നതെന്നും പാഞ്ചജന്യ പറയുന്നു. ആമസോണ്‍ ഇന്ത്യയില്‍ നിരവധി പ്രോക്‌സി സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ട് എന്നാരോപിക്കുന്ന പാഞ്ചജന്യ സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കോടികളുടെ കോഴ നല്‍കിയെന്നും ആരോപിക്കുന്നു.

നേരത്തെ, ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ആമസോണിന്റെ നിയമവിദഗ്ദ്ധര്‍ കൈകൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആമസോണിന് 8500 കോടി രൂപ പിഴയടച്ച സര്‍ക്കാര്‍ നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതിനെതിരായ പ്രതികരണമായിട്ടാകണം പാഞ്ചജന്യത്തിന്റെ പുതിയ കവര്‍ സ്റ്റോറിയെന്നാണ് വിലയിരുത്തല്‍.

സോഫ്റ്റ് വെയര്‍ രംഗത്തെ ഇന്ത്യയുടെ മുഖം എന്ന് വിശേഷിപ്പിക്കുന്ന ഇന്‍ഫോസിസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന കവര്‍ സ്റ്റോറിയുമായാണ് പാഞ്ചജന്യത്തിന്റെ കഴിഞ്ഞ പതിപ്പ് പുറത്തുവന്നത്. ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിന് വേണ്ടി പുതുതായി രൂപം നല്‍കിയ സൈറ്റിലെ പ്രശ്‌നങ്ങളായിരുന്നു പാഞ്ചജന്യത്തെ ഇന്‍ഫോസിസിനു നേരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

Top