ന്യൂഡല്‍ഹി: രാജ് നിഡിമോരുവും കൃഷ്ണ ഡി.കെയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഫാമിലി മാന്‍’ എന്ന ഏറ്റവും പുതിയ ബോളിവുഡ് ഹിന്ദി വെബ് സീരീസിനെതിരെ ആര്‍എസ്എസ് മാസിക പാഞ്ചജന്യ രംഗത്ത്. സീരീസിലെ ചില സീനുകള്‍ ഭീകരരോട് അനുകമ്പ പുലര്‍ത്തുന്നതാണെന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത്.
അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് സീരീസിലെ എന്‍ഐഎ ഉദ്യോഗസ്ഥയായ യുവതി പറയുന്നുണ്ടെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് ഭീകരര്‍ തോക്കെടുക്കുന്നതെന്ന ദി ഫാമിലി മാനിലെ വിവരണം ഭീകരരോട് അനുഭാവം പുലര്‍ത്തുന്നതാണ്.അത് രാജ്യത്തെ യുവാക്കളെ ഭീകരവാദത്തിലേക്കടുപ്പിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. രാജ്യത്തെ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവമുള്ള പ്രൊഡ്യൂസര്‍മാരുമാണ് ഈ വെബ് സീരീസുകള്‍ പ്രചരിപ്പിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
സിനിമകള്‍ക്കും ടിവി പ്രോഗ്രാമുകള്‍ക്കും ശേഷം വെബ് സീരീസാണ് ഇപ്പോള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതെന്ന് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മീഡിയയിലൂടെ സമീപ വര്‍ഷങ്ങളില്‍ രാജ്യവിരുദ്ധവും, ഹിന്ദു വിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ലേഖനത്തില്‍ ഉന്നയിക്കുന്നു.
ബോളിവുഡ് താരം മനോജ് ബാജ്പേയി നായകനായി എത്തുന്ന സീരീസില്‍ പ്രിയാമണി ആണ് നായിക.ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ കഥ ആണ് ചിത്രം പറയുന്നത്. പവന്‍ ചോപ്ര, ഇവാന്‍, ശ്രേയ, സണ്ണി, ദലീപ് താഹില്‍ എന്നിവരാണ് സീരിസിലെ മറ്റ് താരങ്ങള്‍.