ആർ.എസ്.എസ് മേധാവിയെ ഭയന്ന് പേടിച്ച് വിറച്ച് ബി.ജെ.പി നേതാക്കൾ !

രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും രാഷ്ട്രപതിയേക്കാളും വലിയ പദവി സംഘപരിവാറുകാരെ സംബന്ധിച്ച് സര്‍സംഘ്ചാലകാണ്. ആര്‍.എസ്.എസിനെയും മറ്റു സംഘപരിവാര്‍ സംഘടനകളെയും നിയന്ത്രിക്കുന്ന മോഹന്‍ ഭാഗവത് എന്ന സര്‍സംഘ്ചാലക് അവരെ സംബന്ധിച്ച് എല്ലാമാണ്.

രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതും മോദിയെ പ്രധാനമന്ത്രിയാക്കിയതും അമിത് ഷായെ ബി.ജെ.പി അദ്ധ്യക്ഷനാക്കിയതും എല്ലാം മോഹന്‍ ഭാഗവതിന്റെ ഇടപെടല്‍ മൂലമാണ്.

ആര്‍.എസ്.എസിന്റെ ശക്തമായ സ്വാധീനം സര്‍ക്കാറിലും ഇപ്പോള്‍ പ്രകടമാണ്. കേന്ദ്ര മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് ഇടപെട്ടിരുന്നില്ല. എന്നാല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പരാതിപ്പെട്ടപ്പോള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഇടപെടുകയും ചെയ്തു.

രണ്ട് മന്ത്രിസഭാ ഉപസമിതികള്‍ മാത്രമുണ്ടായിരുന്ന രാജ്‌നാഥ് സിങിനെ ആറു ഉപസമിതികളില്‍ ഉള്‍പ്പെടുത്തിച്ചത് ഭാഗവത് നേരിട്ട് ഇടപെട്ടാണ്. ഇത്രയും ഗംഭീര വിജയം നേടി അധികാരത്തില്‍ വന്നിട്ട് പരസ്പരം ഭിന്നിപ്പുണ്ടാക്കരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമാണ് ഭാഗവതിന്റെ സന്ദേശം കൈമാറിയിരിക്കുന്നത്. രാജ്‌നാഥ് സിങ്ങിനോടും നിതിന്‍ ഗഡ്കരിയോടും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന ഒരു ഇടപെടലും പാടില്ലെന്ന നിര്‍ദ്ദേശവും ആര്‍.എസ്.എസ് നേതൃത്വം നല്‍കിയിട്ടുണ്ട്. അധികാരം സംബന്ധിച്ച് ബി.ജെ.പിയിലുണ്ടാകുമായിരുന്ന വലിയ പൊട്ടിത്തെറിയാണ് നിമിഷ നേരം കൊണ്ട് ആര്‍.എസ്.എസ് ഇടപെടലിലൂടെ ഒഴിവായിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ നിലപാടു തേടാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ ഉപസമിതികളുണ്ടാക്കിയത്. മുന്‍ ബി.ജെ.പി അധ്യക്ഷനും ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ വിശ്വസ്ഥനുമായ രാജ്‌നാഥ് സിങിനെ രണ്ടു മന്ത്രിസഭാ ഉപസമിതികളില്‍ മാത്രം ഉള്‍പ്പെടുത്തി തഴഞ്ഞത് അപകട സൂചനയായാണ് ആര്‍എസ്എസ് കണ്ടത്.

പ്രതിരോധ മന്ത്രിയെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമാക്കുകയെന്ന കീഴ്‌വഴക്കം ലംഘിച്ച് ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍ മാത്രമാണ് രാജ്നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നത്. രാവിലെ പുറത്തിറക്കിയ പട്ടികയില്‍ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാജ്നാഥിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ആര്‍.എസ്.എസ് ഇടഞ്ഞതോടെ രാത്രിതന്നെ അദ്ദേഹത്തെ ആറു സമിതികളില്‍ അംഗമാക്കി. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാജ്‌നാഥ് സിങിനെ ഉള്‍പ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷനുമാക്കിയിട്ടുണ്ട്.

മന്ത്രിമാരുടെ പട്ടികയില്‍ പ്രധാനമന്ത്രിക്കു ശേഷം രണ്ടാമനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണുള്ളതെങ്കിലും സര്‍ക്കാരിലെ യഥാര്‍ഥ രണ്ടാമന്‍ ഷാ ആണെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു സമിതികളുടെ ഘടന. ഷായ്ക്ക് കേന്ദ്രമന്ത്രിസഭയുടെ എട്ട് ഉപസമിതികളില്‍ അംഗത്വവും അതില്‍ രണ്ടെണ്ണത്തില്‍ അധ്യക്ഷസ്ഥാനവും നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായതോടെ ബി.ജെ.പി അധ്യക്ഷ സ്ഥാനം അമിത്ഷായ്ക്ക് കൈവിടേണ്ടി വരും. ഇതോടെ ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഇനി ബി.ജെ.പിയുടെ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുക.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ എല്‍.കെ അദ്വാനിയെ തഴഞ്ഞ് പ്രധാനമന്ത്രിയാക്കിയതും രണ്ടാം വട്ടവും പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചതും ആര്‍.എസ്.എസിന്റെ സംഘടനാ ശക്തി ഒന്നുകൊണ്ടു മാത്രമാണ്. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന മോദിക്ക് ആര്‍.എസ്.എസ് സര്‍സംഘ്ചാലകിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തില്ലെങ്കില്‍ രാഷ്ട്രീയ വനവാസം അനുഭവിക്കുന്ന അദ്വാനിയുടെ ഗതിയുണ്ടായാലും അത്ഭുതപെടേണ്ടതില്ല.

ലോക്‌സഭയില്‍ കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടിക്കൊടുത്തത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭങ്ങളാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോദി.

അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്‌പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോദിയും പ്രധാനമന്ത്രിയായി.

2019തില്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും ഉയര്‍ത്തിയാണ് ആര്‍.എസ്.എസ് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച് മോദിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. അതിനാല്‍ ആര്‍.എസ്.എസിന്റെ മനസറിയാതെ മോദിക്ക് ഭരിക്കാനാവില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന മോഹന്‍ഭഗവതിന്റെ അന്ത്യശാസനമാണ് മോദിക്കു മുന്നിലെ ഇപ്പോഴത്തെ വലിയ വെല്ലുവിളി.

അയോധ്യയില്‍ രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന ആര്‍.എസ്.എസ് ആവശ്യം പാലിക്കാന്‍ മോദിക്ക് കഴിഞ്ഞ തവണ കഴിഞ്ഞിരുന്നില്ല. രാജ്യസഭയില്‍ എന്‍.ഡി.എ ന്യൂനപക്ഷമായതിനാല്‍ നിയമനിര്‍മ്മാണം സാധ്യമാകുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നില്‍.

എന്നാല്‍ ഇത്തവണ 303 എം.പിമാരുമായി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷവും രാജ്യസഭയില്‍ ഭൂരിപക്ഷത്തിനുള്ള രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നിരിക്കുകയാണ്. ഇതോടെയാണ് തെരഞ്ഞെടുപ്പ് വിജയ ശേഷവും രാമക്ഷേത്രം ആര്‍.എസ്.എസ് സര്‍സംഘ്ചാലക് വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചാണ് രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഭാഗവത് പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് നമ്മുടെ ജോലിയാണെന്നാണ് ആര്‍എസ്എസ് മേധാവി പറഞ്ഞത്. “രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം. ഇനി മറ്റാരെ കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം” മോഹന്‍ഭാഗവതിന്റെ ഈ വാക്കുകള്‍ കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പു കൂടിയാണ്.

ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് 18 എം.പിമാരുമായി അയോധ്യയിലെത്തുന്നുണ്ട്. ആര്‍.എസ്.എസിന്റെ വൈകാരിക ആവശ്യം തടഞ്ഞ് മോദിക്ക് ഭരണം തുടരാന്‍ കഴിയില്ലെന്ന സന്ദേശമാണ് രാജ്‌നാഥ് സിങിനെ അവഗണിച്ചതിനെതിരെ സര്‍സംഘ്ചാലക് സ്വീകരിച്ച കടുത്ത നിലപാട് വ്യക്തമാക്കുന്നത്.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ആണ് പട നയിച്ചതെങ്കിലും അടിത്തട്ടില്‍ ആര്‍.എസ്.എസ് ആണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായി ഇത് മൂന്നാം തവണയാണ് ആര്‍.എസ്.എസ് ഇടപെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിച്ചതും സാമുദായിക ഏകീകരണമുണ്ടാക്കിയതും ആര്‍.എസ്.എസ് ആണ്. സംഘപരിവാര്‍ എന്ന കളത്തിലെ, രണ്ടു കരുക്കള്‍ മാത്രമാണ് മോദിയും അമിത് ഷായും.

രാഷ്ട്രീയ എതിരാളികള്‍ പോലും ഒരു കാര്യം സമ്മതിക്കും അത് ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനമാണ്. മോദി എന്ന ഉല്‍പ്പന്നത്തെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞു. അതാണ് യാഥാര്‍ഥ്യം.

https://www.youtube.com/watch?v=m_THlzXwB4w

ആര്‍.എസ്.എസ് മോദിക്ക് അവസരം നല്‍കിയ പോലെ മറ്റൊരു യുവ നേതാവിനെയും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ സൗത്ത് എം.പി തേജസ്വി സൂര്യയാണത്. കേവലം 28 വയസ്സു മാത്രമുള്ള ഈ യുവാവ് മോദിയുടെ പിന്‍ഗാമിയായാണ് വിലയിരുത്തപ്പെടുന്നത്. തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായ തേജ്വസി സൂര്യ ആര്‍.എസ്.എസ് നേതൃത്വത്തിന് ഏറെ വേണ്ടപ്പെട്ടവനാണ്. മോദിയും ആര്‍.എസ്.എസും താല്‍പ്പര്യമെടുത്താണ് ഈ യുവാവിന് ബാംഗ്ലൂര്‍ സൗത്തില്‍ സീറ്റ് നല്‍കിയിരുന്നത്. മോദിയുടെ പിന്‍ഗാമിയായി പരിവാര്‍ കേന്ദ്രങ്ങളില്‍ ഒരു വിഭാഗം ഇപ്പോള്‍ തന്നെ തേജസ്വി സൂര്യയെ ചൂണ്ടിക്കാട്ടി തുടങ്ങിയിട്ടുണ്ട്.

Top