ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിന്റെ ഭാര്യ ഹര്‍ഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവര്‍ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മുണ്ടക്കയത്തു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാലും മറ്റ് പ്രതികള്‍ പിടിയിലാകാനുണ്ട് എന്നതിനാലും അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയില്‍ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന.

കൃത്യം നടത്തിയതിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് കുഴല്‍ മന്ദത്ത് നിന്നെന്ന് ഇയാള്‍ മൊഴിയില്‍ പറയുന്നു. കൃത്യം നടത്തി മമ്പറത്തു നിന്ന് കാറില്‍ കുഴല്‍ മന്ദത്തെത്തിയെന്നും തുടര്‍ന്ന് കാറ് തകരാറിലായതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങളില്‍ പല സ്ഥലങ്ങളിലേക്ക് പോയെന്നും പ്രതി മൊഴിയില്‍ വ്യക്തമാകുന്നു. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

Top