ആകാശവാണിയും തോൽവി സമ്മതിച്ചു . . . ആർ.എസ്.എസിന്റെ ഈ കുതിപ്പിനു മുന്നിൽ

Rss

ന്യൂഡല്‍ഹി: ഒടുവില്‍ ആ ചരിത്ര നേട്ടം സ്വന്തമാക്കി ആര്‍.എസ്.എസ്. രാജ്യത്ത് ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് (എ.ഐ.ആര്‍) പോലും സാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും സാന്നിധ്യമുണ്ടാക്കിയാണ് സംഘടന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

രാജ്യത്തെ 95 ശതമാനം ഭൂപ്രദേശത്തും ആര്‍.എസ്.എസിന് സാന്നിധ്യമുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോക്ക് 92 ശതമാനം ഇടങ്ങളില്‍ മാത്രമാണ് ഇത്ര കാലമായിട്ടും സാന്നിധ്യമാകാന്‍ കഴിഞ്ഞിട്ടുള്ളൂ.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആര്‍എസ്എസിന് രാജ്യമെമ്പാടും 58,976 ശാഖകളുണ്ടെന്നാണ് സംഘടനയുടെ കണക്ക്. നാഗാലാന്‍ഡ്, മിസോറാം,കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നാണ് പ്രതിനിധി സഭാ ആമുഖപ്രസംഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞത്.

ആര്‍എസ്എസ് അവകാശപ്പെടുന്നതനുസരിച്ച് ഓള്‍ ഇന്ത്യ റേഡിയോയുടേതിനെക്കാള്‍ മൂന്ന് ശതമാനം അധികമാണ് സംഘടനയുടെ വളര്‍ച്ച. 262 റേഡിയോ സ്റ്റേഷനുകളുള്ള ഓള്‍ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്.

2004-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയതോടെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ പതിനായിരത്തിലുമധികം കുറവ് വന്നിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രത്തില്‍ തിരികെ അധികാരത്തിലെത്തിയതോടെ ശാഖകളുടെ എണ്ണത്തില്‍ 40,000ത്തിലുമധികം വര്‍ധനയുണ്ടായതാണ് കണക്കുകള്‍.

ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളുമുള്ള സംസ്ഥാനം കേരളമാണെന്നതും ശ്രദ്ധേയമാണ്.

Top