RSS plan against P Jayarajan

കൊച്ചി: കാരായിമാരുടെ ‘അവസ്ഥയിലേക്ക്’ പി ജയരാജനെയും മാറ്റാന്‍ അണിയറ നീക്കം.

കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സിപിഎം സംസ്ഥാനസമിതി അംഗം പി ജയരാജന്റെ ജയില്‍വാസം കണ്ണൂര്‍ ജില്ലക്ക് പുറത്താക്കാനും ജാമ്യം ലഭിച്ചാലും ജില്ലയില്‍ പ്രവേശിക്കുന്നത് തടയാനുമാണ് പദ്ധതി തയ്യാറാക്കുന്നത്.

ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കര്‍ക്കശ നിബന്ധനയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുവരെയും വിജയിപ്പിച്ച് കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയും ചന്ദ്രശേഖരനെ തലശേരി മുനിസിപ്പല്‍ ചെയര്‍മാനാക്കിയും ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാന്‍ സിപിഎം ശ്രമം നടത്തിയിരുന്നെങ്കിലും ഈ അപേക്ഷയും കോടതി തള്ളിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ പ്രതികള്‍ പ്രവേശിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കണ്ടായിരുന്നു നടപടി.

കതിരൂര്‍ മനോജ് വധക്കേസിലും സമാനമായ വാദമുയര്‍ത്തി രംഗത്ത് വരാനാണ് മനോജിന്റെ കുടുംബാംഗങ്ങളെ മുന്‍നിര്‍ത്തി ആര്‍എസ്എസിന്റെ നീക്കം.

കോടതിയില്‍ ഇക്കാര്യത്തില്‍ ‘ആവശ്യമായ’ നടപടി സ്വീകരിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കും സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനും കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ഉടനെ ലഭിക്കുമെന്നാണ് സൂചന.

യുഎപിഎ നിയമം ചുമത്തപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ജയരാജനെ അധികകാലം ജയിലിലിടാന്‍ പറ്റില്ലെന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് അറിയാം.

മാത്രമല്ല കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിനെ സംബന്ധിച്ച് വന്‍സ്വാധീന മേഖലയായതിനാല്‍ ജയരാജന് സുഖവാസമാവുമെന്നും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നുണ്ട്.

കോടതി റിമാന്‍ഡ് ചെയ്ത ജയരാജനെ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തതിലും ആര്‍എസ്എസ് നേതൃത്വം രോഷാകുലരാണ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഈ നീക്കത്തിനെതിരെ ഇതിനകം തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്.

കണ്ണൂരില്‍ നിന്ന് ജയരാജനെ മാറ്റിയാല്‍ സിപിഎമ്മിന് അത് വലിയ പ്രഹരമാവുമെന്നാണ് ആര്‍എസ്എസ് -ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Top