RSS Plan against to failed CPM In assembly election

ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു.

യുഡിഎഫിന് ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിട്ടല്ല, മറിച്ച് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ സംഘ്പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരും നേതാക്കളും പീഡിപ്പിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്തിന്റെ തന്ത്രപരമായ നീക്കം.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കുടുങ്ങിയതും ഷുക്കൂര്‍ വധക്കേസും, പയ്യോളി മനോജ് വധക്കേസും സിബിഐ അന്വേഷിക്കുന്നതുമെല്ലാം സിപിഎമ്മിന് അത്യധികം പ്രകോപനമുണ്ടാക്കുന്നതായതിനാല്‍ അധികാരത്തില്‍ വന്നാല്‍ സിപിഎം പകവീട്ടുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.

കേന്ദ്രഭരണമുണ്ടെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിടപെടാനുള്ള പരിമിതി സിപിഎം അധികാരത്തില്‍ വന്നാല്‍ തിരിച്ചടിയാകും.

മാത്രമല്ല ജയരാജനടക്കമുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ജയില്‍ ജീവിതം സുഖകരമാവുമെന്നതും യുഎപിഎ നിയമം ചുമത്തിയത് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നതുമെല്ലാം ആര്‍എസ്എസിന്റെ ഉറക്കം കെടുത്തുന്നതാണ്.

സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ ഭാവിക്ക് നല്ലതും ഇടതിന് ഭരണം ലഭിക്കാത്തതാണെന്നാണ് സംഘ്പരിവാര്‍ ബുദ്ധിജീവികളും നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

മാറിമാറി ഇടത്-വലത് മുന്നണികള്‍ ഭരണം നടത്തുന്ന സാഹചര്യം മാറിയാല്‍ അത് ഇടതുപക്ഷത്തിന്റെ സംഘടനാ അടിത്തറ തകര്‍ക്കുമെന്നും ബിജെപിയുടെ വളര്‍ച്ചക്ക് ഗുണകരമാവുമെന്നുമാണ് ആര്‍എസ്എസ് സൈദ്ധാന്തികരുടെ വിലയിരുത്തല്‍.

പരമാവധി വോട്ട് സമാഹരിക്കുക, ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും വിജയിക്കുക എന്നതോടൊപ്പം തന്നെ ബദ്ധവൈരികളായ സിപിഎം നേതാക്കളെയടക്കം ലിസ്റ്റുണ്ടാക്കി തോല്‍വി ഉറപ്പാക്കാനാണ് പദ്ധതി.

പരസ്യമായി ഇത്തരമൊരു സമീപനം സ്വീകരിച്ചാല്‍ അത് ഇടതുപക്ഷത്തിന് നേട്ടമാകുമെന്നതിനാല്‍ കേഡര്‍ സംവിധാനമുപയോഗിച്ച് രഹസ്യമായി ‘കര്‍ത്തവ്യം’ നിറവേറ്റാനാണ് ആലോചന.

മുന്‍പുണ്ടായിരുന്ന കോ-ലീ-ബി സഖ്യത്തിന്റെ ‘അനുഭവം’ മുന്‍നിര്‍ത്തിയാണ് തന്ത്രം മാറ്റുന്നത്.

നിയമസഭാ മണ്ഡലങ്ങളില്‍ നിലവില്‍ വിജയിച്ച മിക്ക എംഎല്‍എമാരുടെയും ഭൂരിപക്ഷം വളരെ കുറവായതിനാല്‍ 10 മുതല്‍ 20 വരെയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ തോല്‍വി ഉറപ്പിച്ചാല്‍ ഇടതുമുന്നണിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.

Top