RSS Sacks Its Goa Chief After Amit Shah Was Greeted With Black Flag

പനാജി: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച വിഷയത്തില്‍ ഗോവയിലെ ആര്‍എസ്എസ് തലവന് കസേര തെറിച്ചു.

ഗോവ ആര്‍എസ്എസ് അധ്യക്ഷന്‍ സുഭാഷ് വെല്ലിങ്കറിനെയാണ് പുറത്താക്കിയത്.

ഗോവ സന്ദര്‍ശിക്കുന്നതിനിടെ അമിത് ഷായെ വെല്ലിങ്കറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

ഗോവയിലെ ഭരണകക്ഷിയായ ബിജെപിയുമായി കഴിഞ്ഞ കുറേ കാലങ്ങളായി വെല്ലിങ്കര്‍ കലഹത്തിലായിരുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റുമായി ബന്ധപ്പെട്ടായിരുന്നു അഭിപ്രായവ്യത്യാസം രൂക്ഷമായത്.

ഇംഗ്ലീഷ് അധ്യയന ഭാഷയാക്കിയിട്ടുള്ള സ്‌കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കാനായിരുന്നു ബിജെപി സര്‍ക്കാരിന് ഉത്സാഹമെന്ന് ആരോപിച്ചായിരുന്നു വെല്ലിങ്കറുടെ പ്രതിഷേധങ്ങളത്രയും.

അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതിന്റെ ഫലമായിരുന്നു അമിത് ഷായെ കരിങ്കൊടി കാണിച്ച് സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഏതായാലും വെല്ലിങ്കറെ ആര്‍എസ്എസിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കിയതായി ആര്‍എസ്എസ് മേധാവി അറിയിച്ചു. വിമത സ്വഭാവത്തിലുള്ള രാഷ്ട്രീയ സംഘടന രൂപീകരിച്ച വെല്ലിങ്കര്‍ അച്ചടക്കം ലംഘിച്ചതായും ആര്‍എസ്എസ് മേധാവി പറഞ്ഞു.

Top