പാലക്കാട്: സ്വാതന്ത്ര്യം നേടിത്തരാന്‍ പ്രയത്‌നിച്ച മുന്‍തലമുറയുടെ ത്യാഗമനോഭാവം ഓരോ വ്യക്തിയും ജീവിതത്തില്‍ പകര്‍ത്തിയാല്‍ ഭാരതത്തെ വിശ്വഗുരുവാക്കാമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
ഇതിലൂടെ ചൈന, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ലോകശക്തിയാകുമെന്നും ഭാഗവത് പറഞ്ഞു.
പാലക്കാട് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദേശീയപതാക ഉയര്‍ത്തുകയെന്നത് ആചാരമാണ്. ഇന്നു നമുക്ക് അതിന് അവസരമൊരുങ്ങിയത് എങ്ങനെയെന്ന് നാം ഓര്‍ക്കണം. ത്രിവര്‍ണമാണ് ദേശീയപതാക. അതില്‍ മുകളിലുള്ള കുങ്കുമവര്‍ണം പവിത്രമാണ്. 1857 മുതല്‍ 1947 വരെ നിരവധി പേര്‍ എല്ലാം ത്യജിച്ച് പോരാടിയതിന്റെ ഫലമാണ് സ്വാതന്ത്ര്യം. സമര്‍പ്പണവും കഠിനാധ്വാനവുമായിരുന്നു അവരുടെ മുഖമുദ്ര. സ്വാതന്ത്ര്യത്തിനു മുന്‍പും ഇവിടെ ജീവിത സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്രമായി ജീവിക്കാനാകുമായിരുന്നില്ലന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ പതാകയിലെ വെള്ള നിറം സമാധാനത്തിന്റെയും മോക്ഷത്തിന്റെയുമാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് സമാധാനമുണ്ടായിരുന്നില്ല. വിദേശികള്‍ ഇവിടെ വന്ന് നമ്മെ അടിമകളാക്കി. മോക്ഷത്തിനു സമാധാനം വേണം. സമാധാനമുള്ളിടത്തെ അച്ചടക്കമുണ്ടാകു. അതിലൂടെ സ്വതന്ത്ര ഭാരതത്തെ മുന്നോട്ട് നയിക്കാമെന്നും ഭാഗവത് വ്യക്തമാക്കി.