കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെയാണ് ഇന്ത്യയിൽ നിരോധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്‍ഡിപിഐ – സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ടിനെ എൻ ഐ എ വേട്ടയാടുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. ദില്ലിയിൽ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി, ജാമിയ തുടങ്ങിയിടങ്ങളിലാണ് പരിശോധനകൾ ഉണ്ടായത്. ഇവിടങ്ങളിൽ അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.