കൊല്‍ക്കത്ത: സി പി എമ്മിനോട്ടള്ള നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ ആര്‍ എസ് എസ്. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹര്‍ത്താല്‍ നടത്തിയതിന് പിന്നാലെ സി പി എംന് സ്വാധീനമുള്ള ബംഗാളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുകയാണ് ആര്‍ എസ് എസ്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സിപിഎം അക്രമങ്ങള്‍ക്കും കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കും എതിരെ കൊല്‍ക്കത്തയിലും തുടര്‍ന്നു രാജ്യവ്യാപകമായും വന്‍ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കാനാണ് നീക്കം.
പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം നാലിന് കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ ആര്‍എസ്എസ് റാലി നടത്തുമെന്ന് ബംഗാളിലെ ആര്‍എസ്എസ് മേധാവി ബിദ്യുത് ചാറ്റര്‍ജി അറിയിച്ചു.
കേരളത്തിലെ സിപിഎം അക്രമങ്ങളെക്കുറിച്ചുള്ള വിശദമായ ലഘുലേഖയും തയാറാക്കി വിതരണം ചെയ്ത് തുടങ്ങി. ഇംഗ്ലിഷിലുള്ള ഈ ലഘുലേഖയില്‍ സിപിഎമ്മിനെ കൊലപാതകികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തില്‍ സിപിഐ, ആര്‍എസ്പി, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി എന്നിവ ഇതിനെല്ലാം ഇരകളാണെന്നും ലഘുലേഖയില്‍ വിവരിക്കുന്നുണ്ട്.
‘കണ്ണൂര്‍ കേരളത്തിന്റെ കൊലക്കളമാണ്. അവിടത്തെ മണ്ണ് രക്തംകൊണ്ടു മാത്രമല്ല, അമ്മമാരുടെ, വിധവകളുടെ, കുഞ്ഞുങ്ങളുടെ കണ്ണീരു കൊണ്ടും നനഞ്ഞിരിക്കുന്നു. ആളുകള്‍ ഇതുവരെ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ളതിനെല്ലാം അപ്പുറമാണു കണ്ണൂരിന്റെ കഥ’ ലഘുലേഖയില്‍ പറയുന്നു.