RSS-Weapon training-temple

തിരുവനന്തപുരം :സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തുന്ന ആര്‍എസ്എസ് ശാഖകള്‍ തടയണമെന്നു നിയമസെക്രട്ടറിയുടെ നിയമോപദേശം.

ക്ഷേത്രങ്ങളില്‍ ആയുധ, കായിക പരിശീലനങ്ങള്‍ നിയമവിരുദ്ധമാണെന്നും രണ്ടായിരത്തിമൂന്നിലെ കേരള പൊലീസ് നിയമത്തിലെ എഴുപത്തിമൂന്നാം സെക്ഷന്‍ പ്രകാരം കുറ്റകരമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി വിവരമുണ്ടെന്നും എന്തു നടപടിയെടുക്കണമെന്നും ദേവസ്വം സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉപദേശം തേടിയിരുന്നു. ഇതിനു മറുപടിയായാണു നിയമോപദേശം ലഭിച്ചത്. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തുന്നതു നിയമവിരുദ്ധമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

ക്ഷേത്രങ്ങളില്‍ ആര്‍ക്കും ആയുധപരിശീലനത്തിനോ കായിക പരിശീലനത്തിനോ അനുമതിയില്ല. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കിയുള്ള ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിടിവീഴും. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധപരിശീലനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി പരാതികള്‍ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സംഘപരിവാര്‍ സംഘടനകള്‍ മന്ത്രിയുടെ നീക്കത്തിനെതിരേ രംഗത്തുവന്നിരുന്നു. ആര്‍എസ്എസിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നു ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നീക്കത്തിന് നിയമസെക്രട്ടറിയുടെ നിയമോപദേശം ബലം പകരും. ആര്‍എസ്എസ് ഭക്ത സംഘടനയാണെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാദം. ഇതു തെറ്റാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top