പുതുമുഖങ്ങൾക്ക് പ്രാധാന്യം, ആർ.എസ്.എസ് ഇടപെടലിൽ രണ്ടാം ഊഴത്തിന് ബി.ജെ.പി . .

നാഗ്പൂര്‍ : ലോകസഭ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ‘കര്‍മ്മപദ്ധതി’ തയ്യാറാക്കും.

ഓരോ മണ്ഡലത്തിലെയും സാഹചര്യങ്ങള്‍ പഠിച്ച് വ്യത്യസ്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാനാണ് തീരുമാനം.

ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയ സാധ്യത കൂടുതല്‍ എന്നത് നോക്കി മാത്രം സ്ഥാനാര്‍ത്ഥികളെ നിയോഗിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിപരമായ താല്‍പ്പര്യം മാറ്റി വച്ച് ജനങ്ങള്‍ക്കിടയില്‍ പൊതു സ്വീകാര്യരായവരെ കണ്ടെത്തി മത്സരിപ്പിച്ചാല്‍ നല്ല റിസള്‍ട്ട് ഉണ്ടാകുമെന്നതാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. ഇതോടെ യുവാക്കളുടെ ഒരു പട തന്നെ ഇത്തവണ ബി.ജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

ശിവസേനയുമായി വേര്‍പിരിഞ്ഞ് ഒറ്റക്ക് മത്സരിക്കാന്‍ മഹാരാഷ്ട്രയിലെ ഉപതെരഞ്ഞെടുപ്പ് വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

ആര്‍.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഭിമാന പ്രശ്‌നമായാണ് തെരെഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.

മഹാരാഷ്ട്ര,യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് വലിയ പ്രാധാന്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നല്‍കാനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം.

RSS  , BJP ,Narendra Modi

സ്ഥാനാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗത്തെ പുതുമുഖങ്ങള്‍ ആക്കിയാല്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഭരണ ‘വിരുദ്ധ’ വികാരം മറികടക്കാന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ് കണക്ക് കൂട്ടല്‍.

2014ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ അധികാരത്തില്‍ എത്തിക്കുവാന്‍ നിര്‍ണ്ണായകമായത് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനമായിരുന്നു. ആ ചരിത്രം 2019ലും ആവര്‍ത്തിക്കാനാണ് സംഘ പരിവാര്‍ ഇപ്പോള്‍ വീണ്ടും തന്ത്രപരമായ ഇടപെടല്‍ നടത്തുന്നത്.

ആര്‍.എസ്.എസ് നിര്‍ദേശത്തെതുടര്‍ന്ന് ദലിത്, മറ്റു പിന്നാക്ക വിഭാഗ(ഒബിസി) വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്. പിന്നാക്ക വിഭാഗക്കാര്‍ക്കു സഹായകരമാകുന്ന ബില്ലുകള്‍ തുടരെ പാസാക്കിയും രാജ്യത്തേക്ക് അനധികൃതമായെത്തുന്നവര്‍ക്കെതിരെ ക്യാംപെയ്ന്‍ ശക്തമാക്കിയുമാണ് ബിജെപി നീക്കങ്ങള്‍. അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ വിവാദം മുഖ്യധാരയിലേക്കു കൊണ്ടുവന്നതിന്റെ ലക്ഷ്യവും ഇതാണെന്നും പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ പൗരത്വ റജിസ്റ്റര്‍ വിവാദം സഹായിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതുവഴി കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും വോട്ടുബാങ്ക് ശക്തമാക്കാമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. ദേശീയ സുരക്ഷയ്ക്കു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി നേരത്തേത്തന്നെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അസം വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ തുടര്‍ശ്രമങ്ങള്‍ നടത്തിയിരുന്നു. ദേശീയസുരക്ഷയല്ല, പ്രതിപക്ഷത്തിനു പ്രാധാന്യം അവരുടെ വോട്ടുബാങ്കുകളാണെന്നു വരുത്തിത്തീര്‍ക്കാനും പുതിയ വിവാദത്തിലൂടെ ബിജെപിക്കു സാധിച്ചേക്കും.

RSS  , BJP ,Narendra Modi

വിവാദം കത്തിപ്പടര്‍ന്നു നില്‍ക്കവെയാണ് കഴിഞ്ഞ ദിവസം പട്ടികജാതി, പട്ടികവര്‍ഗ നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 10ന് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കും മുന്‍പ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കാനാകുമെന്നാണു ബിജെപി പ്രതീക്ഷ. ഈ ബില്ലിലാകട്ടെ പാര്‍ട്ടി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്. സമാജ്‌വാദി പാര്‍ട്ടിയും(എസ്പി) ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും(ബിഎസ്പി) ഐക്യം രൂപീകരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വിജയത്തിന് ബിജെപിക്കു ദലിത്–ഒബിസി വോട്ടുകള്‍ ഉറപ്പാക്കിയേ മതിയാകൂ.

2014ല്‍ 71 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്കു ലഭിച്ചത്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റുകളും ലഭിച്ചു.

നിലവിലുള്ള പിന്നാക്ക വിഭാഗ ദേശീയ കമ്മിഷന്‍ (എന്‍സിബിസി) പിരിച്ചുവിടും. ദേശീയ പട്ടികവിഭാഗ കമ്മിഷനു സമാനമായി ഭരണഘടനാ പദവിയുള്ളതാണു പുതിയ കമ്മിഷന്‍. പിന്നാക്ക വിഭാഗക്കാരോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഈ ബില്ലിനെയും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. ഈ വിഷയങ്ങളെല്ലാം വരാനിരിക്കുന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തിലും ചര്‍ച്ചയാകും. ഓഗസ്റ്റ് 18നും 19നും ഡല്‍ഹിയിലാണു യോഗം.

അമിത് ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ടീമിനൊപ്പം തന്ത്രങ്ങള്‍ മെനയാന്‍ ആര്‍.എസ്.എസ് നിയോഗിച്ച റാംമാധവ് അടക്കമുള്ള നേതാക്കള്‍ ഉണ്ടെങ്കിലും സംഘത്തിന്റെ പ്രഗല്‍ഭരായ ടീമുകളെ എല്ലാ സംസ്ഥാനത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിട്ടു നല്‍കാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോലും ഈ ജാഗ്രത ഉണ്ടാകുമെന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Top