തടവ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം; മോദി പറയുന്നത് പച്ചക്കള്ളം; തെളിവുകള്‍ സഹിതം രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് രാഹുലിന്റെ പ്രസ്താവന. അസമിലെ മാട്ടിയയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടവുകേന്ദ്രത്തിന്റെ ബിബിസി വീഡിയോ സഹിതം ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നു എന്നതലക്കെട്ടിലാണ് രാഹുല്‍ ഗാന്ധി വീഡിയോ ട്വീറ്റ് ചെയ്തത്. #JhootJhootJhoot എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ട്വീറ്റ്.

https://twitter.com/RahulGandhi/status/1210062130415693825

പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അവകാശവാദം ഉന്നയിച്ചത്.

‘അര്‍ബന്‍ നക്‌സലുകളായ’ ചില പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്നാണ് ഇന്ത്യയില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടെന്ന അപവാദ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഈ രാജ്യത്തെ മുസ്ലിങ്ങളാരെയും ഈ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കില്ല. മാത്രമല്ല, ഇന്ത്യയില്‍ തടങ്കല്‍ കേന്ദ്രങ്ങളുമില്ല. അത്തരത്തില്‍ ഒരു നീക്കങ്ങളും നടത്തിയിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങളെല്ലാം ഇന്ത്യയുടെ മക്കളാണ്. അവര്‍ ആശങ്കപ്പെടേണ്ട കാര്യമേയില്ല”, എന്നാണ് രാംലീലാ മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി അവകാശപ്പെട്ടത്.

മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്നത്. ഏകദേശം 46 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.

Top