5 ദിവസത്തിനുള്ളില്‍ ആര്‍ടിഓയ്ക്ക് മുന്നിലെത്തണം; സുരേഷ് കല്ലടക്കും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്

കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവർമാർക്കും ആർടിഒ നോട്ടീസ് നൽകി. എറണാകുളം ആര്‍ടിഓയാണ് ബസ് ഉടമ കെ.ആര്‍.സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും തെളിവെടുപ്പിന് ഹാജരാകാന്‍നോട്ടീസ് നല്‍കിയത്.

ഹരിപ്പാട് വരെ ഓടിയ ബസ്സിന്‍റെ ഡ്രൈവറും തുടർന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്‍റെ ഡ്രൈവറും ഹാജരാകണം. യാത്രക്കാരെ മർദ്ദിച്ച കേസിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിക്ക് ഇൻഫോഴ്സ്മെന്‍റ് ആർടിഒ ശുപാർശ ചെയ്തിരുന്നു.ഈ റിപ്പോർട്ടിനെ തുടർന്നാണ് എറണാകുളം ആർടിഒയുടെ നടപടി.

ഏപ്രില്‍ ഇരുപതിന് രാത്രിയാണ് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചത്. ഹരിപ്പാട്ട് വച്ച് കേടായ ബസിനു പകരം സംവിധാനം ഏര്‍പ്പെടുത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ബസിലെ യാത്രക്കാരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് പൊലീസും മോട്ടോര്‍വാഹനവകുപ്പും നടപടി തുടങ്ങിയത്.

Top