കണ്ണൂര്‍: കൊവിഡ് പ്രതിരോധ വാക്സിനെടുക്കുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതല്‍ വാക്സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ജില്ലാ കലക്ടറുടെ വിചിത്ര ഉത്തരവിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടിപിആര്‍കുറച്ചു കാണിക്കാനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്ന് കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ ആരോപിച്ചു.
ജൂലൈ 28 മുതല്‍ നിബന്ധന നിലവില്‍ വരും. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ലിസ്റ്റിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.
ഇതാണ് കണ്ണൂര്‍ ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ടിവി സുഭാഷ് ഇറക്കിയ ഉത്തരവ്. വാക്സിന്‍ എടുക്കേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിന്‍ ഉറപ്പ് വരുത്തണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവ് പ്രായോഗികമല്ലെന്നും ടിപിആര്‍ കുറച്ചു കാണിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാരോപിച്ച് കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ രംഗത്തെത്തി.
കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച നിര്‍ദേശങ്ങള്‍ക്ക് കമെന്റ് ബോക്സിലും പ്രതിഷേധം ശക്തമാണ്. വാക്സിന്‍ ലഭ്യതയില്‍ തന്നെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കളക്ടറുടെ വിചിത്ര ഉത്തരവെന്നാണ് ആക്ഷേപം.
ഇതിന് പിന്നാലെ ഉത്തരവ് തിരുത്തി കളക്ടര്‍ വീണ്ടും രംഗത്ത് വന്നു. വാക്സിനേഷനായി ആന്റിജന്‍ ടെസ്റ്റ് മതിയാകുമെന്നും, ടെസ്റ്റ് സൗജന്യമായിരിക്കുമെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാത്രമല്ല 15 ദവസത്തിനകം എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്നും കളക്ടര്‍ നിബന്ധന മയപ്പെടുത്തി.