കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി തമിഴ്‌നാടും

പാലക്കാട്: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നടത്തുന്ന പരിശോധന നടത്തുന്നു. കര്‍ണാടകയ്ക്ക് ഒപ്പം തമിഴ്‌നാടും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിര്‍ത്തി കടക്കാന്‍ കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് സര്‍ക്കാറും. ജില്ലാ അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വ്യാഴാഴ്ച മുതല്‍ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്നാണ് തമിഴ്‌നാടിന്റെ അറിയിപ്പ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് കോവിഡ് പരിശോധനയില്ലാതെ അതിര്‍ത്തി കടക്കാം. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലായതോടെയാണ് അതിര്‍ത്തികളില്‍ തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നത്.

നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും പരിശോധനയുണ്ടാകും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ രേഖ കൈയില്‍ കരുതണം. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ അതിര്‍ത്തി കടക്കണമെങ്കിലും നിബന്ധന പാലിക്കണം. വിവിധ ജോലികള്‍ക്ക് ദിവസവും അതിര്‍ത്തി കടക്കുന്നവരാണ് പ്രതിസന്ധിയിലായത്. ചരക്ക് ലോറികളെ പരിശോധനയില്‍ തമിഴ്‌നാട് ഒഴിവാക്കിയിരുന്നു. സാധനങ്ങള്‍ എടുക്കാന്‍ പോകുന്ന ലോറി െ്രെഡവര്‍മാര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇവരും ആശങ്കയിലാണ്.

Top