തിരുവനന്തപുരം : റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായും പ്രതിസന്ധികള്‍ പരിഹരിക്കാനും സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടിയുടെ ഭാഗമായി രൂപീകരിച്ച കേരള റബര്‍ ലിമിറ്റഡ് പദ്ധതിയില്‍ 1000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് സര്‍ക്കാര്‍. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) കമ്പനിയില്‍ സര്‍ക്കാരിന് 26% ഓഹരിയുണ്ടാകും.
ഇന്ത്യയില്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന 7.5 ലക്ഷം ടണ്‍ റബറില്‍ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. എന്നാല്‍ ഇതില്‍ 20% മാത്രമേ ഇവിടെ സംസ്‌കരിക്കുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി ഉല്‍പന്നങ്ങളാക്കി തിരികെ കേരളത്തിലെ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്നും മാറി കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന റബര്‍ ഇവിടെത്തന്നെ സംസ്‌കരിച്ച് ഉല്‍പന്നങ്ങളാക്കി മാറ്റാനും അതുവഴി തൊഴിലവസരങ്ങളും കൃഷിക്കാര്‍ക്കും വ്യവസായികള്‍ക്കും കൂടുതല്‍ വരുമാനവും ലഭ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമം. അതുവഴി 2030 ആകുമ്പോഴേക്കും 40% റബര്‍ ഇവിടെ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്‌സ് ഹബ് ആക്കി മാറ്റാനുമാണു കേരള റബര്‍ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്.
കെഎസ്‌ഐഡിസിക്കു കീഴിലുള്ള കേരള റബര്‍ കമ്പനിയുടെ നേതൃത്വത്തില്‍ റബര്‍ പാര്‍ക്കുകള്‍ വഴി റബറധിഷ്ഠിത സംരംഭങ്ങള്‍ക്കു ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സര്‍ക്കാരിന്റെ നേരിട്ടുള്ള മുതല്‍ മുടക്കില്‍ ഓഫ് ദ് റോഡ് ടയര്‍, ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്‌സ് ത്രെഡ് എന്നിവ നിര്‍മിച്ചു കയറ്റുമതി ചെയ്യും. അമുല്‍ മാതൃകയില്‍ കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു നിശ്ചിത ഗുണമേന്മയുള്ള റബര്‍ ശേഖരിക്കും. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിയുടെ ഭൂമിയിലെ 200 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇതിലൂടെ സ്ഥലമേറ്റെടുപ്പിനുള്ള തുക ലാഭിക്കാനാകും.
പദ്ധതിയുടെ ഭാഗമായി റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കെഎസ്‌ഐഡിസിയുമായി ചേര്‍ന്നു ടയര്‍ റിസര്‍ച്, ടെസ്റ്റിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ യൂണിറ്റും തുടങ്ങും. ഭൂമി ലഭിച്ചാല്‍ 1 വര്‍ഷത്തിനകം റബര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുമെന്നു കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്യം പറഞ്ഞു. സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിരിക്കുന്നത്.