തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കരുതെന്നും നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റണമെന്നുമുള്ള പി.സി.ജോര്‍ജ് എം.എല്‍.എയുടെ ആവശ്യം ന്യായമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കേരളത്തിലെ റബ്ബര്‍ കൃഷി ആദായകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുരളി രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലെത്തുമ്പോള്‍ പി.സി.ജോര്‍ജിനെ നേരില്‍ കാണുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ. പി സി ജോർജ്ജും ഞാനും, അഥവാ റബ്ബർ കൃഷിയുടെ ഭാവി
കേരളരാഷ്ട്രീയത്തിൽ എന്നെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു നേതാവാണ് ശ്രീ പി സി ജോർജ്ജ് എം എൽ എ. അദ്ദേഹത്തിൻറെ കാലാകാലത്തുള്ള രാഷ്ട്രീയ സ്റ്റാൻഡുകൾ അല്ല, അദ്ദേഹത്തിൻറെ പബ്ലിക്കായ പല പ്രസ്താവനകളും കാണുന്പോൾ ചിലപ്പോൾ ദേഷ്യം തോന്നും. എൻറെ സുഹൃത്തുക്കളിൽ അദ്ദേഹത്തെ നേരിട്ടറിയുന്നവർ, ഉദ്യോഗസ്ഥരുൾപ്പെടെ, വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. സ്വന്തം മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ കൃത്യമായി ഇടപെടും, എന്നാൽ മണ്ഡലത്തിലുള്ള ആളുകൾ പറഞ്ഞാലും അനാവശ്യകാര്യങ്ങളിൽ ഇടപെടില്ല, ഈ ദുരന്തസമയത്ത് മണ്ഡലത്തിലുള്ള ആളുകൾക്ക് വേണ്ട സമയത്ത് മുന്നറിയിപ്പ് നൽകാനും മാറ്റിത്താമസിപ്പിക്കാനും മുന്നിൽ നിന്നതിനാൽ അദ്ദേഹത്തിൻറെ മണ്ഡലത്തിൽ പ്രശ്നങ്ങൾ വളരെ കുറവായിരുന്നു എന്നും പറഞ്ഞു.
അതവിടെ നിൽക്കട്ടെ, ഇന്നലെ അദ്ദേഹം അസംബ്ലിയിൽ ഇനി കേരളത്തിൽ റബ്ബർ കൃഷിക്ക് വലിയ ഭാവി ഇല്ല എന്ന് പറഞ്ഞു. റബർ മേഖലയിൽ നിന്നും, പ്രത്യേകിച്ച് കേരള കോൺഗ്രസ്സ് പോലൊരു പ്രസ്ഥാനത്തിൽ നിന്നും വരുന്ന ഒരാൾ അങ്ങനെ പറഞ്ഞത് കൃഷിമന്ത്രിക്കുൾപ്പടെ അതിശയമായി.
എന്താണ് അദ്ദേഹം ഇങ്ങനെ പറയാൻ കാര്യമെന്ന് എനിക്കറിയില്ല. പക്ഷെ എൻറെ അഭിപ്രായത്തിൽ സംഗതി സത്യമാണ്. കേരളത്തിൽ ഇനി റബ്ബർ കൃഷിക്ക് ഭാവിയില്ലാത്തതുകൊണ്ട് ഇനി നമ്മൾ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഇഷ്ടമുള്ളവർ കൃഷി ചെയ്യട്ടെ, പക്ഷെ സബ്‌സിഡി കൊടുത്ത് ആളുകളെ ഈ രംഗത്തേക്ക് പ്രോത്സാഹിപ്പിച്ച് കൊണ്ടുവരരുത്. ഇതിന് പല കാരണങ്ങളുണ്ട്.
1. കേരളത്തിൽ ഭൂമിയുടെ വില വൻ തോതിൽ ഉയർന്നതോടെ ഭൂമി വാങ്ങി ആദായമായി കൃഷി ചെയ്യാൻ പറ്റുന്ന ഒന്നല്ലാതെയായി റബ്ബർ. വെങ്ങോലയിൽ ഒരേക്കർ റബ്ബർ തോട്ടത്തിന് ശരാശരി ഒരു ഒരു കോടി രൂപ വിലയുണ്ട്. കൃഷി ചെയ്താൽ റബറിന് നല്ല വിലയുള്ള സമയത്ത് പോലും കിട്ടുന്ന ലാഭം വർഷത്തിൽ ഒരു ലക്ഷം രൂപയിൽ താഴെയാണ്. റബ്ബർ നട്ടാൽ ആദ്യത്തെ ഏഴു വർഷം അതിൽനിന്ന് ഒരാദായവും കിട്ടില്ല. Return on Capital Employed എന്ന് പറയുന്നത് വളരെ കുറവാണ്, ഒരു ശതമാനത്തിലും താഴെ. നാളെ വേറൊരാൾ നമ്മുടെ തോട്ടവും വാങ്ങാൻ വരും, അന്ന് ഒരു കോടിയുടെ തോട്ടത്തിന് ഒന്നര കോടിയാകും എന്ന ഊഹാപോഹം മാത്രമാണ് ഇന്ന് റബർ തോട്ടത്തിന്റെ കച്ചവടത്തെ നിയന്ത്രിക്കുന്നത്, റബ്ബർ കൃഷിയുടെ ആദായമല്ല.
2. സാധാരണയായി ഇരുപത്തിയൊന്ന് വർഷത്തെ സൈക്കിളാണ് റബ്ബർ കൃഷിക്ക്. തൈ നട്ടാൽ ആറോ ഏഴോ വർഷമെടുക്കും വളർന്നു ടാപ്പ് ചെയ്യാറാകാൻ. പിന്നെ പതിനഞ്ച് വർഷം ടാപ്പ് ചെയ്യാം, ശേഷം അത് വെട്ടി പുതിയ മരങ്ങൾ വെക്കണം. അതുകൊണ്ടുതന്നെ കൈതച്ചക്കക്കോ, മരച്ചീനിക്കോ, പച്ചക്കറിക്കോ വേണ്ടി പാട്ടത്തിന് കൊടുക്കുന്നതു പോലെ റബ്ബർ കൃഷി നടത്താൻ സ്ഥലം പാട്ടത്തിന് നൽകാൻ നമുക്ക് ധൈര്യം വരില്ല. അതിന് പറ്റിയ നിയമങ്ങളും നമുക്കില്ല.
3. തൊഴിലാളി ക്ഷാമം രൂക്ഷമായ കേരളത്തിൽ എല്ലാ ദിവസവും തൊഴിലാളികൾ പണിസ്ഥലത്ത് എത്തേണ്ട കൃഷി കൂടുതൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. എഞ്ചിനീയറിങ്ങും നേഴ്സിങ്ങും പഠിച്ചു കുട്ടികൾ നാടുകടക്കണമെന്നാണ് റബ്ബർ തോട്ടം ഉടമകളുടെ മാത്രമല്ല ടാപ്പിംഗ് തൊഴിലാളികളുടേയും ആഗ്രഹം. പുതിയ തലമുറയിൽ റബ്ബർതോട്ടത്തിൽ പണിക്കാരാകണമെന്ന് ആഗ്രഹിക്കുന്ന ആരുമില്ല. അപ്പോൾ പിന്നെ അതിന് മറുനാടൻ തൊഴിലാളികൾ വേണ്ടി വരും. അവർക്കും ചെലവ് കുറവല്ല, പ്രശ്നങ്ങൾ വേറെയും ഉണ്ട്.
4. റബ്ബർ വിലയിലുള്ള ചാഞ്ചാട്ടവും, ആഗോള എണ്ണ വിലയുടെ കയറ്റിറക്കവും, ആഗോള സന്പദ് വ്യവസ്ഥയുടെ വളർച്ചയും തളർച്ചയും റബ്ബർ വിലയെ ബാധിക്കുന്നു. ഓരോ വർഷവും റബ്ബർ വില കൂടുന്നതും കുറയുന്നതും കാണുന്നതല്ലാതെ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് നമ്മുടെ കർഷകർക്ക് ഒരു അറിവുമില്ല. അവരുടെ ജീവിതത്തിൽ പ്ലാനുകൾ ഉണ്ടാക്കാൻ പറ്റുന്നുമില്ല. വിത്തും വളവും കൊടുക്കുന്ന സർക്കാരിന്റെ കൃഷിവകുപ്പുകൾ ആഗോളമായി എങ്ങനെയാണ് നമ്മുടെ വിളകളുടെ വിലകൾ നിശ്ചയിക്കപ്പെടുന്നതെന്ന് പഠിച്ച് കർഷകരെ അറിയിക്കുന്നില്ല. ഉൽപ്പാദിപ്പിക്കുന്ന റബറിന് ഒരു ഫ്യൂച്ചർ മാർക്കറ്റ് പോലും ഉണ്ടാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
5. എന്നുവെച്ച് ലോകത്ത് റബ്ബർ കൃഷി ഇല്ലാതാകാൻ പോകുന്നൊന്നും ഇല്ല. മറ്റിടങ്ങളിൽ, ആഫ്രിക്കയിൽ പ്രത്യേകിച്ചും, റബ്ബർ ഉല്പാദനം കൂടി വരികയാണ്. ലോകത്തെ ഏറ്റവും വലിയ റബ്ബർ തോട്ടം ബ്രസീലിലല്ല ലൈബീരിയയിൽ ആണ്. ആ രാജ്യങ്ങളിൽ സ്ഥലത്തിന് വില തീരെയില്ല. ഒരേക്കറിന് നൂറു ഡോളറിലും കുറവാണ്. പാട്ടത്തിനാണെമെങ്കിൽ ഒരു ഡോളറിനും കിട്ടും. തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടില്ല. ഐവറി കോസ്റ്റും നൈജീരിയയും ഒക്കെ റബ്ബർ കൃഷിയിലേക്ക് ഇറങ്ങുകയാണ്. അവരുമായി നമുക്ക് മത്സരിക്കാൻ പറ്റുന്ന കാര്യമല്ല.
ഇവിടെയാണ് നമ്മുടെ സാധ്യതകൾ കിടക്കുന്നത്. ആഫ്രിക്കയിൽ ചൈന പോയി ആയിരക്കണക്കിന് സ്‌ക്വയർ കിലോമീറ്റർ കൃഷി സ്ഥലമാണ് വാങ്ങിക്കൂട്ടുന്നത്. തെക്കു കിഴക്കേ ആഫ്രിക്കയിൽ മൂവായിരം ഹെക്ടർ സ്ഥലം വാങ്ങിയ ഒരു കഥ എൻറെ സുഹൃത്ത് കഴിഞ്ഞ മാസം പറഞ്ഞു. ഒരു ഹെക്ടറിന് ഇരുപത്തി ഒൻപത് ഡോളറാണ് വില, അതായത് രണ്ടായിരം രൂപ. ഒറ്റ കണ്ടീഷനേ ഉള്ളൂ, വാങ്ങിയാൽ രണ്ടു വർഷത്തിനകം കൃഷി ചെയ്തു തുടങ്ങണം. എൻറെ സുഹൃത്തിനാണെങ്കിൽ അതിന് സമയം ഇല്ല. അപ്പോൾ പുള്ളി ഒരു പണി ചെയ്തു. പച്ചക്കറി ചന്തയിൽ പോയി അവിടുത്തെ വേസ്റ്റ് ഒക്കെ വാങ്ങി സ്ഥലത്ത് നിരത്തി. പറന്പിൽ നിറയെ തക്കാളിയും മുളകും ഒക്കെ വളർന്നു. അതിൻറെ ഫോട്ടോ എടുത്തു കൊടുത്തു എല്ലാവരും ഹാപ്പി.
ഓരോ ആഫ്രിക്കൻ രാജ്യങ്ങളിലെ നിയമം എന്തെന്ന് സർക്കാർ മനസിലാക്കുക, നമ്മുടെ മൂത്ത കൃഷിക്കാരെ ആഫ്രിക്കയിൽ പോയി അവരെ റബ്ബർ കൃഷി പഠിപ്പിക്കാനുള്ള സഹായം ചെയ്യുക, നമ്മുടെ ബാങ്കുകളെ അതിന് ലോൺ കൊടുക്കാൻ പ്രേരിപ്പിക്കുക, ഇന്ത്യൻ എംബസികളെക്കൊണ്ട് അവർക്ക് വേണ്ടത്ര സപ്പോർട്ട് നൽകുക എന്നിങ്ങനെ. നമ്മുടെ അറിവും അവരുടെ അദ്ധ്വാനവും കൂടിയാകുന്പോൾ വിൻ വിൻ സാഹചര്യമാണ്. എല്ലാക്കാലത്തും മറുനാട്ടിൽ പോയി തൊഴിൽ ചെയ്തു ജീവിക്കേണ്ടവരല്ല മലയാളികൾ. മറ്റു നാട്ടുകാർക്ക് തൊഴിൽ കൊടുക്കുന്ന ജോലിയും നമുക്ക് ചെയ്യാം. പണികൊടുക്കുന്ന കാര്യത്തിൽ നമുക്കുള്ള താല്പര്യം ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യാം.
അതുകൊണ്ട്, ഇക്കാര്യത്തിൽ ഞാൻ നൂറു ശതമാനം ശ്രീ പി സി ജോർജ്ജ് എം എൽ എ യുടെ കൂടെയാണ്. എനിക്കും ഒരേക്കർ റബ്ബർ തോട്ടമുണ്ട്. അച്ഛൻ കൃഷി ചെയ്തതിനാൽ ഞാനും ചെയ്യുന്നു എന്ന മട്ടിൽ തന്നെ ഇപ്പോഴും റബർ കൃഷി ചെയ്തു പോകുന്നു എന്നേയുള്ളൂ. നമ്മുടെ കാർഷിക രംഗത്തും, ഭൂ നിയമത്തിലും വലിയ മാറ്റങ്ങൾ വരേണ്ട സമയമായി. നാട്ടിൽ പോകുന്പോൾ കാണേണ്ടവരുടെ ലിസ്റ്റിൽ ഒന്നുകൂടി ആയി.
മുരളി തുമ്മാരുകുടി.