Rubber price hikes to 150

തൊടുപുഴ: നീണ്ട ഇടവേളയ്ക്കുശേഷം റബ്ബര്‍വില വീണ്ടും 150ലേക്കടുക്കുന്നു. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം കിലോയ്ക്ക് 150 രൂപയാകുമെന്നാണു സൂചന.

എന്നാല്‍, ടാപ്പിങ് വളരെക്കുറഞ്ഞ സമയമായതിനാല്‍ കര്‍ഷകര്‍ക്ക് വരുമാനനേട്ടം ഏറെയുണ്ടാകില്ല.വെള്ളിയാഴ്ച കോട്ടയത്തെ റബ്ബര്‍ബോര്‍ഡ് വില ആര്‍.എസ്.എസ്. നാലിന് 141 രൂപയാണ്; അഞ്ചിന് 138ഉം. കഴിഞ്ഞദിവസം 143 രൂപയിലൊക്കെ കച്ചവടം നടന്നിരുന്നു. കര്‍ഷകന് നാലോ അഞ്ചോ രൂപ കുറച്ചേ കടയില്‍ കിട്ടുകയുള്ളൂ.

ആഗോളതാപനംമൂലവും മറ്റും അന്താരാഷ്ട്രതലത്തില്‍ത്തന്നെ സ്വാഭാവിക റബ്ബറിന്റെ ഉല്പാദനം കുറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ, ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ കൃത്രിമ
റബ്ബറിന്റെ അന്താരാഷ്ട്രവില കൂട്ടി. വ്യവസായികള്‍ക്ക് മുമ്പത്തെപ്പോലെ തീരെക്കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിനു റബ്ബര്‍ കിട്ടാതെയായി.

ഇതോടെ, ആഭ്യന്തരവിപണിയില്‍ നിന്നു വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.വിലയില്ലാതിരുന്നതിനാലും കടുത്ത വേനലായതിനാലും കേരളത്തില്‍ ടാപ്പിങ് തീരെ നടക്കുന്നില്ല. ആവശ്യം കൂടുകയുംലഭ്യത കുറയുകയും ചെയ്തതോടെയാണ് വില കൂടിയത്.

ആവശ്യത്തിനു റബ്ബര്‍ കിട്ടാത്തതില്‍ കമ്പനികള്‍ക്ക് അല്പം ആശങ്കയുണ്ടെന്നാണ് വന്‍കിടവ്യാപാരികള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ അടുത്തദിവസങ്ങളില്‍ വില 150ലേക്ക് ഉയരുമെന്നാണ് അവരുടെ വിലയിരുത്തല്‍.എന്നാല്‍, ഇത്തവണ 133 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് ഇതുവരെ വന്‍കിട കമ്പനികളൊന്നും റബ്ബര്‍ വാങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചെറുകിട ചെരിപ്പുകമ്പനികള്‍ 142 രൂപയ്ക്കുപോലും വാങ്ങുകയുംചെയ്തു.

വിദേശത്ത് ഉല്പാദനം കൂടിയാല്‍ വില കുറയാനുമിടയുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 130ല്‍ താഴെപ്പോയേക്കില്ലെന്നാണു പ്രതീക്ഷ. വില ഇതേരീതിയില്‍ തുടരുകയും വേനല്‍മഴയ്ക്കുശേഷം ടാപ്പിങ് പുനരാരംഭിക്കുകയും ചെയ്താലേ കര്‍ഷകനു പ്രയോജനം ലഭിക്കുകയുള്ളൂ. എങ്കിലും 90രൂപവരെ താഴ്ന്നുപോയ വില നൂറ്റിനാല്പ്പതിലേക്കെത്തിയത് പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്.

Top