എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റബര്‍ വില

രാജ്യത്തെ റബര്‍ വില കിലോയ്ക്ക് 180 രൂപയിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് നിരക്ക് 179.50 രൂപയായി കുതിച്ചുയര്‍ന്നു. റബറിന്റെ വില്‍പ്പന നിരക്ക് രാജ്യത്ത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

വിപണിയില്‍ റബര്‍ ക്ഷാമം രൂക്ഷമായതാണ് നിരക്ക് ഉയരാന്‍ കാരണം. നിരക്ക് കിലോയ്ക്ക് 185190 നിലവാരത്തിലേക്ക് എത്തിയേക്കാമെന്നാണ് ഈ രംഗത്തുളളവര്‍ അഭിപ്രായപ്പെടുന്നത്. 2013 ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ 196 രൂപയ്ക്ക് ശേഷം ഇത്രയും ഉയര്‍ന്ന നിരക്ക് വിപണിയില്‍ രേഖപ്പെടുത്തുന്നത് ഇത് ആദ്യമാണ്. 2013 ജൂലൈ മാസത്തില്‍ നിരക്ക് 196 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും സ്ഥിരമായ നില തുടരാതെ നിരക്ക് താഴേക്ക് പോകുകയായിരുന്നു.

മഴക്കാലമായതിനാല്‍ ടാപ്പിംഗ് കുറവാണ്. മഴക്കാല മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ഇടങ്ങളില്‍ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. വില 190 രൂപയ്ക്ക് മുകളിലേക്ക് എത്തുമെന്ന ധാരണയില്‍ റബര്‍ വില്‍ക്കാതെ സൂക്ഷിക്കുന്ന പ്രവണത ചെറുകിട കര്‍ഷകരുടെ ഇടയിലും വലിയ സംഭരണം നടത്തുന്ന കര്‍ഷകര്‍ക്കിടയിലും ഉളളതായാണ് സൂചന.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ തറവില കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഇതും റബര്‍ വില കുറയാതിരിക്കാന്‍ കാരണമാകുന്നുണ്ട്. കേരളത്തിലെ റബറിന്റെ തറവില കിലോയ്ക്ക് 170 രൂപയാണ്. ഇന്ത്യയിലേക്കുളള റബര്‍ ഇറക്കുമതി കുറഞ്ഞതുമൂലം ആവശ്യക്കാരും കമ്പനികളും ആഭ്യന്തര വാങ്ങല്‍ വിഹിതം വര്‍ധിപ്പച്ചതാണ് പ്രധാനമായും നിരക്ക് ഉയരാന്‍ ഇടയാക്കിയത്.

Top