ന്യൂഡല്‍ഹി: വിലക്കുറവുമൂലം കര്‍ഷകര്‍ ആഗോളതലത്തില്‍ത്തന്നെ റബ്ബര്‍ ഉല്പാദനം കുറച്ചെന്ന് കണക്കുകള്‍. സിംഗപ്പൂര്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്റ്റഡി ഗ്രൂപ്പാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അതേസമയം, വിലക്കുറവില്‍ നട്ടംതിരിയുന്ന റബ്ബര്‍ക്കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ കണക്കുകള്‍.
2012ല്‍ 1,16,58,000 ടണ്‍ സ്വാഭാവികറബ്ബറാണ് ലോകത്ത് ഉല്പാദിപ്പിച്ചത്. അന്ന് 1,10,13,000 ടണ്ണിന്റെ ഉപയോഗമേ ഉണ്ടായിരുന്നുള്ളൂ. അതായത്, 6,45,000 ടണ്‍ റബ്ബര്‍ അധികമായിരുന്നു. വില കുറയാനിടയാക്കിയ ഒരു ഘടകമാണിതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 2015 അവസാനത്തോടെ ഉല്പാദനം ഇനിയും കുറയുമെന്നാണു സൂചന.
സപ്തംബര്‍വരെയുള്ള കണക്കുകളനുസരിച്ചാണെങ്കില്‍ വന്‍കുറവിനു സാധ്യതയുണ്ട്. സപ്തംബര്‍വരെ 88,62,000 ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ചു. ഉപയോഗം 93,14,000 ടണ്ണിന്റേതായിരുന്നു. ആറുമാസത്തിനിടെ മാത്രം 4,52,000 ടണ്ണിന്റെ കുറവ്.ഇന്ത്യയില്‍ ടയര്‍ ഉല്പാദനത്തിനാണ് സ്വാഭാവികറബ്ബര്‍ കൂടുതലും ഉപയോഗിക്കുന്നത്.
ക്രൂഡ് വില താഴുകയാണ്. ക്രൂഡില്‍നിന്നുള്ള ഉപോല്പന്നമായ സിന്തറ്റിക് റബ്ബര്‍, ടയറുംമറ്റും ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. നിശ്ചിതശതമാനം സിന്തറ്റിക് റബ്ബര്‍ മാത്രമേ ഇതിനും ഉപയോഗിക്കാനാകൂ. അത് ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. ബാക്കി, സ്വാഭാവികറബ്ബര്‍തന്നെ വേണം. അങ്ങനെവരുമ്പോള്‍, ആവശ്യത്തിനു സ്വാഭാവികറബ്ബര്‍ ഇല്ലാതെവരുന്നത് അതിന്റെ വില കൂടാനിടയാക്കുമെന്നാണു കരുതുന്നത്.