റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ഡെറക് ഒബ്രയാന്‍ എംപിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭ അധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്‌പെന്റ് ചെയ്തു. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഓബ്രയാന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞത്.

ഇപ്പോള്‍ നടന്നുവരുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക്. അതേസമയം തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. അതേസമയം പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം വകവയ്ക്കാതെയാണ് ബില്ല് പാസാക്കിയത്.

ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിനാല്‍ ഇനി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്‍ നിയമമാകും. ബില്ലിനോടുള്ള എതിര്‍പ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷ ബഹളത്തിനിടെ ഇന്നലെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോള്‍ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്.

വോട്ടര്‍ പട്ടികയില്‍ ഒരു വര്‍ഷം ഒന്നിലധികം തവണ പുതുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാല്‍ ആധാര്‍ ഹാജരാക്കിയില്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണ് ബില്ലെന്നും സുപ്രീം കോടതിയുടെ ആധാര്‍ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു.

Top