സന്‍ഫ്രാന്‍സിസ്കോ: ചാറ്റ് ജിപിടി എന്ന എഐ ചാറ്റിംഗ് സംവിധാനം അതിവേഗം ജനപ്രിയമാകുന്ന അവസ്ഥയിലാണ് അതിനെ വെല്ലാന്‍ ഗൂഗിള്‍ ബാർഡ് എന്ന എഐ ചാറ്റ് സംവിധാനം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന് ബാര്‍ഡ് ഉണ്ടാക്കിയത് മാനഹാനിയും ധനനഷ്ടവും. ഇതോടെ ഗൂഗിളില്‍ മേധാവി സുന്ദര്‍ പിച്ചൈയെ വിമര്‍ശിച്ച് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നു എന്നാണ് പുതിയ വിവരം.
ജോലി കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ ഗൂഗിള്‍ ജീവനക്കാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന സംവിധാനമായ മെമെജനില്‍ പിച്ചൈയെയും, ഗൂഗിള്‍ തലപ്പത്തിരിക്കുന്നവരെയും വിമര്‍ശിച്ച് നിരവധി സന്ദേശങ്ങള്‍ വന്നുവെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാർഡ് പ്രഖ്യാപനത്തെക്കുറിച്ച് തങ്ങളുടെ ചിന്തകള്‍ പങ്കുവച്ച പല ഗൂഗിള്‍ ജീവനക്കാരും. ബാർഡ് പ്രഖ്യാപനം തീര്‍ത്തും ഒരു എടുത്തുചാട്ടമാണെന്നാണ് ചില ഗൂഗിള്‍ ജീവനക്കാര്‍ ആരോപിച്ചത്. എന്നാല്‍ ഗൂഗിള്‍ കാലങ്ങളായി പുലര്‍ത്തിവരുന്ന രീതികളെ അട്ടിമറിക്കുന്ന നടപടിയായി പോയെന്നും പറഞ്ഞവരുണ്ട്. ശരിക്കും കുടുങ്ങിയിരിക്കുന്ന അവസ്ഥയെന്നാണ് ചിലര്‍ ഇതിനെ വിമര്‍ശിച്ചത്.
എന്നാല്‍ സമീപകാലത്ത് ഗൂഗിള്‍ പല ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെടുത്തിയും സന്ദേശങ്ങള്‍ വരുന്നുണ്ട്. . പിച്ചൈയുടെയും നേതൃത്വത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തപ്പെടണം എന്നാണ് പ്രധാനപ്പെട്ട ഒരു സന്ദേശം. അതായത് അടുത്തിടെ വന്‍ പിരിച്ചുവിടല്‍ ഗൂഗിള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനം ഒരോരുത്തരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണെന്ന് പിച്ചൈ പറഞ്ഞിരുന്നു. അതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ഈ സന്ദേശം എന്നാണ് റിപ്പോര്‍ട്ട്.
രസകരമായ കണക്ക് അവതരിപ്പിച്ചാണ് മറ്റൊരാളുടെ വിമര്‍ശനം. ഗൂഗിള്‍ 12,000 ജോലിക്കാരെ പിരിച്ചുവിട്ടപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ 3 ശതമാനം വര്‍ധിച്ചു. എന്നാല്‍ തയ്യാറെടുപ്പുകള്‍ ഇല്ലാതെ എഐ ബാർഡ് ഇറക്കി ഓഹരികള്‍ 8 ശതമാനം ഇടിച്ചുവെന്നാണ് ആരോപണം. ഗൂഗിളിന്റെയും, പിച്ചൈയുടെയും വിവിധ മീമുകളും പ്രചരിക്കുന്നുണ്ടെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാർഡ് എന്ന എഐ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ബാര്‍ഡ് നല്‍കിയ ഉത്തരത്തില്‍ തെറ്റുപറ്റിയെന്ന് ആദ്യം തന്നെ റിപ്പോര്‍ട്ട് വന്നതോടെ ഓഹരി വിപണിയില്‍ ഗൂഗിളിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. എകദേശം 8,26,270 കോടി രൂപയുടെ നഷ്ടം ഗൂഗിള്‍ ഓഹരികള്‍ക്ക് ഉണ്ടായെന്നാണ് വിവരം.
ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് ആണ് സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ ആദ്യ ഫോട്ടോകള്‍ പകര്‍ത്തിയത് എന്നാണ് ബാര്‍ഡ് നല്‍കിയ ഉത്തരം. എന്നാല്‍ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തിന്റെ ആദ്യ ചിത്രം പകര്‍ത്തിയത് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലസ്കോപ്പാണ്. ഇതോടെയാണ് ഗൂഗിള്‍ നാണംകെട്ടത്. ഗൂഗിളിന്റെ ബാര്‍ഡ് സംബന്ധിച്ച വീഡിയോയില്‍ തന്നെയാണ് ഈ തെറ്റ് കണ്ടെത്തിയത് എന്നാണ് രസകരം.