വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ നിയന്ത്രിത മാരക രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് അഭ്യൂഹങ്ങള്‍

നനിബിഡമായ ഗാസയിലെ വ്യോമാക്രമണത്തില്‍ ഇസ്രായേല്‍ നിയന്ത്രിത മാരക രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് എയര്‍സ്‌ട്രൈക്കുകളില്‍ ഉപയോഗിച്ചെന്ന ആരോപണവുമായി ചില മാധ്യമറിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ശക്തമായ യുദ്ധമാണ് നടന്നത്. ഇസ്രയേല്‍ ഗാസയില്‍ ഇതുപയോഗിക്കുന്നതു ആദ്യമല്ല. 2008-2009 കാലയളവിലും ഇസ്രയേല്‍ ഇത് ഗാസയില്‍ പ്രയോഗിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിലും വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇസ്രയേലിന്റെ അഭിമാനമായ അയേണ്‍ ഡോം വ്യോമ പ്രതിരോധം; ഹമാസ് മറികടന്നത് ഇങ്ങനെ
യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലുള്ള പോപാസ്‌ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. റോം കണ്‍വന്‍ഷന്‍ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയില്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും അന്ന് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഓക്‌സിജനുമായി ഇടപഴകുമ്പോള്‍ വെളുത്ത ഫോസ്ഫറസ് ജ്വലിക്കുന്നു, ജ്വലന സമയത്ത് വലിയ അളവില്‍ പുക പുറത്തുവിടുന്നു. സൈനിക നീക്കങ്ങളെ മറയ്ക്കാന്‍ സൈന്യം ഇതു ഉപയോഗിക്കുന്നു. എന്നിരുന്നാലും, രാസ സ്വഭാവസവിശേഷതകള്‍ ഫോസ്ഫറസ് ബോംബുകളെ അപകടകരമാക്കുന്നത്. ഫോസ്ഫറസിന്റെ കത്തുന്ന താപനില 800-2500 സെല്‍ഷ്യസാണ്. ചര്‍മവും വസ്ത്രവും ഉള്‍പ്പെടെ വിവിധ പ്രതലങ്ങളില്‍ പറ്റിനില്‍ക്കുന്നു. കത്തുന്ന പദാര്‍ത്ഥം കെടുത്താന്‍ പ്രയാസമാണ്. വൈറ്റ് ഫോസ്ഫറസ് അസ്ഥികള്‍വരെ ഉരുകാന്‍ ഇടയാക്കും. പൊള്ളലേറ്റവരില്‍ പോലും വൈറ്റ് ഫോസ്ഫറസിന്റെ വിഷാംശം മൂലം അവയവങ്ങള്‍ തകരാറിലായി മരിക്കാം. ഇതുകൂടാതെ കെട്ടിടങ്ങള്‍ നശിക്കുകയും വിളകള്‍ക്കും കന്നുകാലികള്‍ക്കും നാശമുണ്ടാക്കുകയും ചെയ്യും.

വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം. പേരു സൂചിപ്പിക്കുന്നതു പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാല്‍ എണ്ണൂറു ഡിഗ്രിക്കുമേല്‍ ഉയര്‍ന്ന താപനിലയില്‍ കത്താന്‍ ഇതിനു സാധിക്കും. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തു കത്താന്‍ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും. ഫോസ്ഫറസ് പെന്റോക്‌സൈഡ് പോലുള്ള രാസവസ്തുക്കള്‍ ഇതിന്റെ ഉപോല്‍പന്നമായി ഉടലെടുക്കാം. വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്‍ പരിഗണിച്ചിട്ടില്ല. ഇവയുടെ പ്രധാന ലക്ഷ്യം പുകപടലങ്ങള്‍ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്‌സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയില്‍ നിന്നു സംരക്ഷിക്കുക എന്നതാണ്.

ജനവാസമേഖലയില്‍ ഇവ ഉപയോഗിക്കുന്നതിനെ ജനീവ കണ്‍വന്‍ഷനും വിലക്കിയിട്ടുണ്ട്. വില്ലിപീറ്റര്‍ എന്ന വിളിപ്പേരിലാണ് സൈനികര്‍ക്കിടയില്‍ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്. 1916ല്‍ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകള്‍ ആദ്യമായി കൊണ്ടുവന്നത്.യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവില്‍ ഇതുപയോഗിച്ചിരുന്നു.രണ്ടാം ലോകയുദ്ധ സമയത്ത് നാത്സി സേനയ്‌ക്കെതിരെ സഖ്യസേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാത്സികള്‍ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് കൊറിയ, വിയറ്റ്‌നാം യുദ്ധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്‌നാമില്‍, വിയറ്റ്‌കോങ് ഗറില്ലകള്‍ ഉപയോഗിച്ച ഭൂഗര്‍ഭടണലുകളില്‍ ഇതിട്ടുകത്തിച്ച് ഓക്‌സിജന്‍ വലിച്ചെടുക്കുന്ന രീതി യുഎസ് സേനയ്ക്കുണ്ടായിരുന്നു. റഷ്യ, ചെച്‌നിയയില്‍ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു.യുഎസ് ഇറാഖില്‍ നടത്തിയ യുദ്ധത്തില്‍ ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും യുഎസ് സേന ഇതു നിഷേധിച്ചു. എന്നാല്‍ പിന്നീട് അവര്‍ ഇതു സ്ഥിരീകരിച്ചു.

Top