ട്രംപിന്റെ സന്ദര്‍ശനം; ഇത്തവണ പണി തന്നത് ഒരു പാലം,ആഢംബര വാഹനം കയറുമോ ആവോ?

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹത്തിനും ഭാര്യക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടു ദിവസത്തെ മാത്രം സന്ദര്‍ശനത്തിന് എത്തുന്ന ഇവര്‍ക്ക് മുന്നില്‍ ആളാകാന്‍ മോദി മുതലാളി ചെലവാക്കുന്നത് കോടികളാണ്.

എന്നാല്‍ ഇപ്പോള്‍ അധികൃതരെ പോലും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് ചര്‍ച്ചയാകുന്നത്. ഇവിടെ അധികൃതരെ കുഴപ്പത്തിലാക്കിയത് ഒരു പാലമാണ്. ട്രംപും ഭാര്യ മെലാനിയയും താജ് മഹല്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ 6.4 ടണ്‍ ഭാരമുള്ള ആഢംബര വാഹനവും അകമ്പടി വാഹനങ്ങളും ആഗ്രയിലെ റെയില്‍വേ പാലത്തിലൂടെ കടന്നു പോകുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്.

ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. കാറ് നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചുകഴിഞ്ഞു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കും.

താജ്മഹല്‍ പ്രദേശത്തേക്ക് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഈ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ട്രംപിനും ബാധകമാണ്. അതേസമയം വാഹനമില്ലാതെ ട്രംപിന് ഇത്രയുമധികം സഞ്ചരിക്കാന്‍ കഴിയുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Top