Rupee closes stronger against US dollar at 67.79

കൊച്ചി: ആഗോള ചലനങ്ങളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണികളും രൂപയും ഇന്നലെ വന്‍ നേട്ടത്തിലേക്ക് കുതിച്ചു കയറി. സെന്‍സെക്‌സ് 401 പോയിന്റ് മുന്നേറി 24,870ലും നിഫ്റ്റി 138 പോയിന്റുയര്‍ന്ന് 7,563ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഡോളറിനെതിരെ 44 പൈസ മെച്ചപ്പെടുത്തി രൂപ 67.78ലും വ്യാപാരം അവസാനിപ്പിച്ചു.

സാമ്പത്തക ഞെരുക്കത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ മുഖ്യ പലിശ നിരക്ക് നെഗറ്റീവ് നിരക്കിലേക്ക് താഴ്ത്തിയതാണ് ഏഷ്യന്‍ ഓഹരികള്‍ക്ക് ഇന്നലെ പുത്തനുണര്‍വ് പകര്‍ന്നത്. ഏറെ നാളായി നഷ്ടക്കുഴിയിലായിരുന്ന ചൈനീസ് ഓഹരികള്‍ ഇന്നലെ മൂന്ന് ശതമാനം മുന്നേറിയതും കരുത്തു പകര്‍ന്നു.

30 ഡോളറില്‍ താഴേക്കു പതിച്ച രാജ്യാന്തര ക്രൂഡോയില്‍ വില ഇന്നലെ 35 ഡോളറിനുമേല്‍ എത്തിയതും ഇന്ത്യന്‍ ഓഹരി സൂചികകളെ മുന്നോട്ടു നയിച്ചു. സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍ കോര്‍പ്പ്, യെസ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സിന്റെ നേട്ടത്തിനു നേതൃത്വം നല്‍കിയ പ്രമുഖ കമ്പനികള്‍.

കയറ്റുമതിക്കാര്‍ ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് ഗുണമായത്. ഇന്നലെ നെഗറ്റീവ് 0.1 ശതമാനമായാണ് ബാങ്ക് ഒഫ് ജപ്പാന്‍ പലിശ താഴ്ത്തിയത്. വാണിജ്യ ബാങ്കുകളുടെ ചില നിക്ഷേപ പദ്ധതികള്‍ക്ക് മാത്രം 0.1 ശതമാനം പലിശ കേന്ദ്രബാങ്ക് ഇടാക്കുമെന്നതാണ് നെഗറ്റീവ് പലിശ കൊണ്ടുദ്ദേശിക്കുന്നത്.

Top