ന്യൂഡല്‍ഹി: രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരം കുറിച്ചു. ബുധനാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 72.92 നിലവാരത്തിലെത്തി .
വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് പിന്‍ വാങ്ങുന്നതാണ് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. വികസ്വര വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞ് കൂടുതല്‍ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചു.
രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. അതുകൊണ്ട് തന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വര്‍ഷത്തെ ഉയരത്തിലാണ്.
ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നതാണ് രൂപയ്ക്ക് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.