കൊച്ചി : പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറുന്നതിനിടയിലും കനത്ത തിരച്ചടി നല്‍കിയിരിക്കുകയാണ് ഇന്ധനവില വര്‍ദ്ധനവ്. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപയും നഗരപരിധിക്കു പുറത്തു വില 81 രൂപയായി 16 പൈസയാണ് ഇന്നു കൂടിയത്. എന്നാല്‍ ചെറിയ ആശ്വാസം നല്‍കുന്നത് ഡീസല്‍ വിലയാണ്. ഡീസലിന് 15 പൈസ മാത്രം ഉയര്‍ന്ന് 74 രൂപയായി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ 81 ആയപ്പോള്‍ ഡീസല്‍വില 74 രൂപയ്ക്ക് മുകളിലാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണു കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തിയിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലര്‍ധനയ്ക്കു കാരണമാകുന്നുണ്ട്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നിരുന്നു.