തിരുവനന്തപുരം: വരാപ്പുഴ ശീജിത്ത് കസ്റ്റഡി മരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി. ജോര്‍ജിനെ വകുപ്പുതല നടപടികളില്‍നിന്നും ഒഴിവാക്കി.
കുറ്റ വിമുക്തനായതോടെ ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കും. ജോര്‍ജിന് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജോര്‍ജ് സാക്ഷി മാത്രമാണെന്ന് ഡിജിപിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് നടപടി.
അടിപിടിയെ തുടര്‍ന്നു വരാപ്പുഴ സ്വദേശി വാസുദേവന്‍ ജീവനൊടുക്കിയ കേസിലാണ് 2018 ഏപ്രില്‍ ആറിനു ശ്രീജിത്ത് അടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ പോലീസ് മര്‍ദിച്ചതിന്റെ ഫലമായുണ്ടായ ഗുരുതര പരുക്കുകള്‍ മൂലമാണു ഏപ്രില്‍ ഒമ്പതിനു ശ്രീജിത്ത് മരിച്ചതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗൂഢാലോചനയില്‍ പങ്കുള്ളതായി ആരോപണം നേരിട്ട റൂറല്‍ പോലീസ് മേധാവി ജോര്‍ജിനെതിരെ വകുപ്പുതല നടപടിയെടുത്തെങ്കിലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.