rush in banks to change currency.

കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്. പോസ്റ്റ് ഓഫീസുകളിലും കണ്ണൂരിലെ സഹകരണ ബാങ്കുകളിലും പണമെത്താത്തത് പ്രതിസന്ധി രൂക്ഷമാക്കി.

വന്‍ തിരക്കിനെ തുടര്‍ന്ന് കൊഴിക്കോട് മുക്കത്ത് എസ്.ബി.ഐ ബ്രാഞ്ചിന്റെ ചില്ലുകള്‍ തകര്‍ത്തു.

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനമെത്തുന്നവരുടെ നീണ്ടനിരയാണ് ബാങ്കുകളില്‍. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ , സൗത്ത് ഇന്ത്യന്‍ തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ന് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. പുതിയവ നല്‍കാന്‍ ബാങ്കുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് ഇന്നലെ പണമിടപാട് നടത്താതെ അടച്ചിട്ടത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പല ബാങ്കുകളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 100 രൂപ നോട്ടിന്റെ അധിക സ്റ്റോക് പല ബാങ്കുകളിലും എത്തിയിട്ടില്ല. വിദേശ വിനോദ സഞ്ചാരികളടക്കം ക്യൂവിലാണ്.നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വ്യക്തമായ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് മാറിവാങ്ങാം.

പണം മാറി വാങ്ങാനും നിക്ഷേപിക്കാനും ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കണം. നോട്ടുകള്‍ മാറാനും നിക്ഷേപിക്കാനും എത്തുന്നവര്‍ക്ക് പരമാവധി മുന്‍ഗണന നല്‍കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി.

പോസ്റ്റ് ഓഫിസുകളിലും നിരവധിപേര്‍ എത്തിയിട്ടുണ്ട്. അതേസമയം, കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും.

രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്ക് പുറമെ 200 ശതമാനം പിഴ ഈടാക്കാനാണു തീരുമാനം.

Top