ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ അപേക്ഷകരുടെ നെട്ടോട്ടം. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അതിനു മുന്‍പ് പഴയ രീതിയില്‍ എങ്ങനെയെങ്കിലും ലൈസന്‍സ് എടുക്കാനുള്ള ഓട്ടത്തിലാണ് ആളുകള്‍. പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്. അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച് ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്.
എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം. നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും. അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്‌റ്റ്വേര്‍ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍ വിചാരിക്കുന്ന സമയത്ത് ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല. പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കുന്നുമില്ല.