സോള്‍: കൊറിയന്‍ സമുദ്രമേഖലയില്‍ യുഎസ് വിമാനവാഹിനി യുഎസ്എസ് കാള്‍ വിന്‍സന്റെ നേതൃത്വത്തിലുള്ള പടക്കപ്പല്‍വ്യൂഹത്തെ റഷ്യയും ചൈനയും പിന്തുടരുന്നതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയും അമേരിക്കയും മൂന്നാം ലോക മഹായുദ്ധത്തിന് കോപ്പു കൂട്ടുന്നുവെന്ന ആശങ്കകള്‍ക്കിടെയാണിത്. കാള്‍ വിന്‍സന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചാരക്കപ്പലുകളെ അയച്ചിട്ടുണ്ടെന്ന് ജാപ്പനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിവരങ്ങള്‍ ചോര്‍ത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് റഷ്യയും ചൈനയും ഒരുക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളുടെ എതിര്‍പ്പു മറികടന്ന് ആണവപരീക്ഷണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെയാണ് അണ്വായുധങ്ങള്‍ വഹിക്കുന്ന കാള്‍ വിന്‍സണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അമേരിക്ക കൊറിയന്‍ തീരത്തേക്ക് അയച്ചത്.
ഓസ്‌ട്രേലിയന്‍ തീരത്തേക്കു പോകുകയായിരുന്ന കപ്പലിനെ ഉത്തര കൊറിയ നടത്തിയ ആയുധപരേഡിനു പിന്നാലെ തിരിച്ചുവിളിക്കുകയായിരുന്നു. ഏതു സമയത്തും അടുത്ത ആണവപരീക്ഷണത്തിന് ഉത്തര കൊറിയ മുതിര്‍ന്നേക്കാം എന്ന വിലയിരുത്തലിലായിരുന്നു ഇത്.
കൊറിയന്‍ ഉപദ്വീപുകള്‍ക്കു സമീപം കാള്‍ വിന്‍സണ്‍ നങ്കുരമിട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. സിറിയയ്ക്കു പിന്നാലെ ഉത്തര കൊറിയയ്ക്കു നേരേയും അമേരിക്ക ആക്രമണം നടത്തിയേക്കുമെന്നതിന്റെ സൂചനയായും ഈ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും വിന്‍സണ്‍ പങ്കെടുത്തിരുന്നു.
ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താന്‍ ചൈന സഹകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്നപക്ഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, പോര്‍വിളികള്‍ക്കിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. വിക്ഷേപിച്ചതിനു പിന്നാലെ മിസൈല്‍ പൊട്ടിത്തെറിച്ചതായി യുഎസ് സൈന്യമാണ് വ്യക്തമാക്കിയത്. അമേരിക്കയുമായി യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള സിന്‍പോയിലായിരുന്നു പരീക്ഷണം. സൗഹൃദരാജ്യമായ ചൈനയുടെ ഉപദേശം പോലും തള്ളിയായിരുന്നു ഉത്തരകൊറിയയുടെ നടപടി.