യുക്രെയ്ന്‍ നഗരത്തില്‍ മേയറെ സൈന്യം തടവിലാക്കിയതു പിന്നാലെ പുതിയ മേയറെ നിയമിച്ച് റഷ്യ

മെലിറ്റോപോള്‍:  നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലുളള യുക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരത്തിലെ മേയറെ സൈന്യം തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.

സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണല്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഇന്നലെയാണ് റഷ്യ പ്രതിപക്ഷ ബ്ലോക്കില്‍ നിന്നുള്ള മെലിറ്റോപോള്‍ സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഹലീന ഡാനില്‍ചെങ്കോയെ മേയര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് സായുധരായ റഷ്യന്‍ സൈനികരുടെ ഒരു സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയത്. തീവ്രവാദത്തിന് ധനസഹായം നല്‍കി എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മേയറെയും റഷ്യന്‍ സൈന്യം പിടികൂടിയ പ്രാദേശിക പൊതുപ്രവര്‍ത്തകരെയും മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോട് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ടുപോയതിനെതിരെയും യുക്രെയ്ന്‍ ജനത മെലിറ്റോപോളില്‍ പ്രതിഷേധിച്ചു.

Top