ദമാസ്‌കസ്: സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ വിമതനേതാവ് കൊല്ലപ്പെട്ടു.
ജയ്ഷ് അല്‍ ഇസ്ലാം തീവ്രവാദസംഘത്തിന്റെ സ്ഥാപകനും തലവനുമായ സഹ്‌രൂണ്‍ അലൂഷാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ദമാസ്‌കസില്‍ നടത്തി വ്യോമാക്രമണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്.
ദമാസ്‌കസ് നഗരത്തിന് പുറത്തുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും ജയ്ഷ് അല്‍ ഇസ്ലാമിന്റെ നിയന്ത്രണത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കിയാണ് നിയന്ത്രണം ജയ്ഷ് അല്‍ ഇസ്ലാം ഏറ്റെടുത്തത്. റിയാദില്‍ നടന്ന സമാധാനചര്‍ച്ചകളില്‍ ജയ്ഷ് അല്‍ ഇസ്ലാമും പങ്കെടുത്തിരുന്നു.
അബു ഹുമാം എന്നറിയപ്പെടുന്ന ഇസാം അല്‍ ബുവാദാനിയെ തലവനായി തെരഞ്ഞെടുത്തെന്ന് ജയ്ഷ് അല്‍ ഇസ്ലാം അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ആക്രമണം നടത്തുന്നതെന്നാണ് റഷ്യയുടെ അവകാശവാദം. എന്നാല്‍ സാധാരണ ജനങ്ങളും മറ്റ് സംഘടനകളിലുള്ളവരുമാണ് ആക്രമണത്തിനിരയാകുന്നവരില്‍ ഏറെയുമെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആരോപണം.