ഇദ്ലിബില്‍ : സിറിയയിലെ ഇദ്ലിബില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി റഷ്യ. സിറിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും റഷ്യന്‍ അനുരഞ്ജന കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇദ്ലിബില്‍ സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സായുധ നടപടികള്‍ നിര്‍ത്തിവെക്കുന്നതെന്ന് പറഞ്ഞ റഷ്യ, ആയുധമുപേക്ഷിച്ച് സമാധാന പ്രക്രിയയില്‍ പങ്കുചേരാന്‍ സര്‍ക്കാര്‍ വിരുദ്ധ പോരാളികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
മേഖലയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന ആക്രമണം ശക്തമാക്കിയതായി കഴിഞ്ഞ ദിവസം പ്രദേശവാസികളും മനുഷ്യാവകാശപ്രവര്‍ത്തകരും കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളും ആക്രമണത്തില്‍ സൈന്യത്തെ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ സൈന്യം വിമതരുടെ അവസാന ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടി പിടിച്ചെടുത്ത തൊട്ടുടനെയാണ് റഷ്യയുടെ പ്രഖ്യാപനം.