നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിനു പിഴയിട്ട് റഷ്യ. ടാഗന്‍സ്‌കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 മില്ല്യണ്‍ റഷ്യന്‍ റൂബിള്‍ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 മില്ല്യണ്‍ റൂബിള്‍ പിഴ വിധിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്‌കോയിലെ കോടതി പിഴയിട്ടിരുന്നു. ഫേസ്ബുക്കിന് 17 മില്ല്യണ്‍ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യണ്‍ റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമല്ല.
റഷ്യന്‍ അധികൃതര്‍ക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിക്കാത്തതിന് മെയ് 25ാം തിയതി ഫേസ്ബുക്കിന് 26 മില്ല്യണ്‍ റൂബിള്‍ പിഴ വിധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പ്രതിഷേധങ്ങള്‍ക്കുള്ള ആഹ്വാനം പിന്‍വലിക്കാത്തതിന് ടെലഗ്രാമിന് 5 മില്ല്യണ്‍ റൂബിളും പിഴ വിധിച്ചു.