ലണ്ടൻ: മുൻ കെജിബി ചാരൻ സെർജി സ്ക്രിപാലിനെയും(66) പുത്രി യൂലിയയെയും (33) വിഷബാധയേല്പ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.
റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വിഷബാധയേല്പ്പിച്ചത്. കൊലപാതകശ്രമത്തിന് പിന്നിൽ റഷ്യയാകാനുള്ള സാധ്യത ഏറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത വിഷബാധയേല്പ്പിക്കുന്ന രാസവസ്തുക്കളായ നോവിചോക്കാണ് സ്ക്രീപലിനും പുത്രിക്കും നേരേ പ്രയോഗിച്ചത്. റഷ്യൻ ഭരണകൂടം നേരിട്ടു നടത്തിയതാണോ മാരകകരമായ രാസായുധം മറ്റു കൈകളാൽ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണം.
റഷ്യൻ സ്ഥാനപതിയോട് ഇതുസംബന്ധിച്ച വിശദീകരണം നൽകണമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരേസ മേ വ്യക്തമാക്കി.
മാർച്ച് നാലിനാണ് സ്ക്രിപാലിനെയും പുത്രിയെയും വിഷബാധയേറ്റു അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തിയത്. ഇരുവരും അവശനിലയിൽ ബ്രിട്ടനിലെ ആശുപത്രിയിൽ കഴിയുകയാണ്.
സ്ക്രീപലിനെയും മകളെയും അപായപ്പെടുത്തുവാൻ ഉപയോഗിച്ച രാസവസ്തു റഷ്യയിൽ നിന്നു വന്നതാണെന്നു വിദഗ്ധർ സ്ഥിരീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങളെ കുടുക്കാനായി ബ്രിട്ടന്റെ ആസൂത്രണം ചെയ്ത കൊലപാതക പദ്ധതിയാണിതെന്നാണ് റഷ്യ ആരോപിക്കുന്നത്.