യുഎസിനെ ചെറുക്കാന്‍ സിറിയന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ

russia-army

മോസ്‌കോ: സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച് തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രി റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കുര്‍ദ്ദിഷ് പോരാളികള്‍ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുര്‍ദ്ദിഷ് പോരാളികളെയും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നവരെയും ഒരുമിച്ചു കൂട്ടി 30,000 പേരുള്ള സൈന്യത്തെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് തുര്‍ക്കിയെ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുരത്തി സിറിയ സമാധാനത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടുതല്‍ സൈന്യത്തെ നിരത്തി അതിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനവുമായി ട്രംപ് എത്തിയത്.

Top