റഷ്യന്‍ സൈന്യം 2,389 യുക്രേനിയന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി

കീവ്: 2,389 യുക്രേനിയന്‍ കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് യുക്രൈനിയന്‍ കുട്ടികളെ ‘നിയമവിരുദ്ധമായി റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററില്‍ ആരോപിച്ചു.

‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റഷ്യ മരിയുപോളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു.

റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Top