യുക്രെയ്നിലെ തുറമുഖങ്ങൾക്കു നേരെ കനത്ത ആക്രമണവുമായി റഷ്യ

കീവ് : യുക്രെയ്നിലെ തുറമുഖങ്ങൾക്കു നേരെ റഷ്യയുടെ കനത്ത ആക്രമണം. കരിങ്കടൽ ധാന്യ കയറ്റുമതി ഉടമ്പടിയിൽ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്.

ഒഡേസയിലെ ഇന്ധന സംഭരണകേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. മൈക്കോളൈവിലെ തുറമുഖത്തു തീപിടിത്തമുണ്ടായി. റഷ്യയുടെ 6 മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചുവീഴ്ത്തിയതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു.

യുക്രെയ്നിലേക്കുള്ള റഷ്യൻ സേനാ നീക്കത്തിൽ നിർണായകമായ ക്രൈമിയ കേർച് പാലത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് റഷ്യ ധാന്യകയറ്റുമതി ഉടമ്പടിയിൽനിന്നു പിന്മാറിയത്. യുദ്ധം ആരംഭിച്ചശേഷം യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതിക്കായി യുഎൻ മധ്യസ്ഥതയിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. കരാറിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം വൻ പ്രഹരമാണെന്നും ലോകമെമ്പാടും പട്ടിണി സൃഷ്ടിക്കാൻ പോരുന്നതാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇതിനിടെ, വടക്കുകിഴക്കൻ മേഖലയിൽ സൈന്യം 2 കിലോമീറ്റർ മുന്നേറിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. യുക്രെയ്ൻ കഴിഞ്ഞവർഷം റഷ്യയിൽനിന്നു തിരിച്ചു പിടിച്ച റെയിൽവേ ഹബായ കുപിയാൻസ്കിനു സമീപമാണിത്.

Top