യുക്രെയ്ന്‍ തുറമുഖത്ത് ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ

കീവ്: ഡാന്യൂബ് നദിയിലൂടെയുള്ള ചരക്കുനീക്കം തടയാന്‍ യുക്രെയ്ന്‍ തുറമുഖത്ത് റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി. ഡാന്യൂബ് നദിയിലെ റെനി തുറമുഖത്താണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. നദിയിലൂടെയുള്ള ധാന്യനീക്കം തടയാനും സംഭരണ ശാലകള്‍ തകര്‍ക്കാനും വേണ്ടിയായിരുന്നു ആക്രമണം. സംഭരണശാലകള്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ യുക്രെയ്ന്‍ പുറത്തുവിട്ടു. തുറമുഖത്തേക്ക് നടത്തിയ 13 ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി യുക്രെയ്ന്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടനയുടെയും (യുഎന്‍) തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കാന്‍ നേരത്തെ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍, ആ ധാരണ ലംഘിച്ച് കഴിഞ്ഞമാസം ഒഡേസ തുറമുഖത്തേക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് ഡാന്യൂബ് നദിയിലൂടെയും റോഡുമാര്‍ഗവും യൂറോപ്പിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ യുക്രെയ്ന്‍ മാര്‍ഗം കണ്ടെത്തിയത്. യൂറോപ്പിലേക്ക് ഗോതമ്പും ബാര്‍ളിയും സൂര്യകാന്തി എണ്ണയും കയറ്റുമതി ചെയ്യുന്നതാണ് യുക്രെയ്‌നിന്റെ മുഖ്യ വരുമാന മാര്‍ഗം.

അതിനിടെ റഷ്യന്‍ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി മുതല്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഹോങ്കോങ് കപ്പല്‍ ഒഡേസ തുറമുഖത്തു നിന്ന് യാത്രതിരിച്ചു. കരിങ്കടലിലൂടെയുള്ള ‘മാനുഷിക ഇടനാഴി’യിലൂടെയാണ് യാത്ര. പക്ഷേ, ഇത് അനുവദിക്കുമെന്ന് ഇതുവരെ റഷ്യ വ്യക്തമാക്കിയിട്ടില്ല. മുപ്പതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യസാധനങ്ങളാണ് കപ്പലിലുള്ളത്.

Top