മോസ്‌കോ: ഭാവിയിലെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യന്‍ യാത്രികര്‍ക്ക് പരിശീലനം നല്‍കുമെന്ന് റഷ്യ. പരിശീലന കാര്യത്തില്‍ റഷ്യന്‍ ബഹിരാകാശ സ്ഥാപനമായ റോസ്‌കോസ്‌മോസ് പദ്ധതി മുന്നോട്ട് വയ്ക്കുകയും ചെയ്തു. 2022ല്‍ ഇന്ത്യ ബഹിരാകാശത്തേയ്ക്ക് മനുഷ്യരെ അയക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റഷ്യയും ഇന്ത്യയും ബഹിരാകാശ ഗവേഷണ രംഗത്ത് ഒരുപാട് നാളത്തെ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
2015ല്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഇരു രാജ്യങ്ങളും കരാറുകള്‍ ഒപ്പുവച്ചിരുന്നു. ഉപഗ്രഹ വിക്ഷേപം, അവയുടെ നിരീക്ഷണം, വാഹനങ്ങള്‍ വിക്ഷേപിക്കുന്നത്, ഹ്യൂമണ്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് പദ്ധതികള്‍, ബഹിരാകാശ ഗവേഷണം, ശാസ്ത്രജ്ഞരെ പരസ്പരം കൈമാറുക, പരിശീലനം, സാങ്കേതിക ചര്‍ച്ചകള്‍ തുടങ്ങിയ നിരവധി കാര്യങ്ങളെ സംബന്ധിക്കുന്നതാണ് കരാറുകള്‍.
സോവിയറ്റ് യൂണിയന്‍ ഇന്ത്യയുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ആര്യഭട്ട, ഭാസ്‌ക്കര എന്നിവയാണവ. മനുഷ്യനെ 2019 ല്‍ ചന്ദ്രനിലയയ്ക്കാനുള്ള പദ്ധതി റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ ‘റോസ്‌കോസ്‌മോസ്’ പ്രഖ്യാപിച്ചിരുന്നു. ചന്ദ്രനില്‍ ഒരു സ്ഥിരം സ്‌റ്റേഷന്‍ എന്ന ലക്ഷ്യത്തിന് മുന്നോടിയായാണ് മനുഷ്യനെ ചന്ദ്രനിലയയ്ക്കാന്‍ റഷ്യ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
റഷ്യയുടെ ബഹികാശവാഹനം ആദ്യഘട്ടത്തിലെ പരീക്ഷണപറക്കലിന് ശേഷം, 2023 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി കൂട്ടുചേരും. 2025 ല്‍ വാഹനം ചന്ദ്രനിലേക്ക് ആളില്ലാതെ സഞ്ചരിക്കും. 2029 ല്‍ മനുഷ്യനെയും വഹിച്ച് ചന്ദ്രനിലേക്ക് പോവാനും പദ്ധതിയുണ്ടെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.
ഐ.എസ്.ആര്‍.ഒ. യുടെ സ്വപ്ന പദ്ധതിയായ ഗഗന്യാന്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ഗഗന്യാന്‍ ദൗത്യം. ബഹിരാകാശ സംഘത്തിന്റെ തെരഞ്ഞെടുപ്പിനും പരിശീലനത്തിനും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോസ്‌പേസ് മെഡിസിന്‍ എന്ന സ്ഥാപനം സഹായിക്കുമെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ദനോവ ബംഗളൂരുവില്‍ അറിയിച്ചിട്ടുണ്ട്.