മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ അജ്ഞാതരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആഹ്വാനം ചെയ്തതിന് നവല്‍നിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീര്‍ക്കുകയും തൊലി ചുവക്കുകയും ചെയ്യുന്നതായി അധികൃകരുടെ ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് ജയിലില്‍നിന്നും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത് അലര്‍ജി രോഗം മൂലമായിരിക്കാം എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതാദ്യമായാണു നവല്‍നിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും രോഗകാരണം വ്യക്തമല്ലെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് വ്യക്തമാക്കി.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ബുധനാഴ്ച്ചയാണ് നവല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ പരസ്യമായി രംഗത്തെത്തിയ അലക്‌സി നവല്‍നി റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.