മോസ്‌കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെന്‍ സേന ബന്ദികളാക്കിയിരിക്കുകയാണെന്ന വാദം ആവര്‍ത്തിച്ച് റഷ്യ. ഖര്‍കീവിലെ മെട്രോ സ്‌റ്റേഷനില്‍ 3000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ ആരോപണം.
‘യുക്രെനിലെ കോളേജുകളില്‍ പഠിക്കുന്ന ആയിരിക്കണക്കിന് യുവാക്കളെ ഒരു ദിവസത്തിലധികമായി തടഞ്ഞു വെച്ചിരിക്കുകയാണ്. മൂവായിരത്തിലേറെ ഇന്ത്യക്കാര്‍ ഖര്‍ഖീലിലെ ട്രെയിന്‍ സ്‌റ്റേഷനിലുണ്ട്. അവര്‍ അവരെ അവിടെ തന്നെ നിര്‍ത്തും. വിദേശികള്‍ക്ക് യുദ്ധമുഖത്ത് നിന്ന് പോവണമെന്നുണ്ട്. പക്ഷെ അവരെ അതിനനുവദിക്കുന്നില്ല. അവരുടെ മോചനം വൈകിപ്പിക്കാന്‍ തടവിലാക്കിയിരിക്കുകയാണ്. നമ്മുടെ സൈന്യം അവരെ സുരക്ഷിതമായി പോവാന്‍ അനുവദിക്കുന്നതിന് ഹരിത ഇടനാഴികള്‍ തുറന്നിട്ടുണ്ട്. കൂടാതെ ഗതാഗത സൗകര്യ നല്‍കുന്നതിനാല്‍ സാധാരണക്കാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ അവസരം ലഭിക്കുന്നു. പക്ഷെ അതിന് അവരെ അനുവദിക്കുന്നില്ല അവരെ വെടിവെപ്പിലേക്ക് എറിയുകയാണ്,’ മോസ്‌കോവില്‍ വെച്ച് പുടിന്‍ പറഞ്ഞു.
നേരത്തെയും റഷ്യന്‍ സര്‍ക്കാര്‍ സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ വാദം ശരിവെച്ചിരുന്നില്ല. ഉക്രൈന്‍ അധികൃതരുടെ സഹകരണത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു വിദ്യാര്‍ത്ഥിയെയും തടഞ്ഞ് വെച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘യുക്രൈനിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്നലെ ഉക്രൈന്‍ അധികൃതരുടെ സഹായത്തോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഖര്‍കീവ് വിട്ടു. ഒരു വിദ്യാര്‍ത്ഥിയെയും ബന്ദികളാക്കിയതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല,’ കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ സൈന്യം അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യയിലെ ബെല്‍ഗൊറോഡിലേക്ക് രക്ഷപ്പെടാന്‍ അനുവദിക്കാതെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ സൈന്യം ആരോപിച്ചത്. മനുഷ്യ കവചമായി റഷ്യന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നെന്നായിരുന്നു റഷ്യയുടെ വാദം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ സന്നദ്ധമാണെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.