മോസ്കോ : യുക്രെയ്ൻ ആക്രമണത്തിൽ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്ന് റഷ്യ. പരുക്കേറ്റവരിൽ 17 പേർ കുട്ടികളാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യൻ അധീനതയിലുള്ള ബെൽഗൊറോഡ് നഗരത്തിൽ തുടർച്ചയായി യുക്രെയ്ൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് റഷ്യ അറിയിച്ചു.
വെള്ളിയാഴ്ച റഷ്യ യുക്രെയ്നിലെ കാർകീവിൽ നടത്തിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. കാർകീവിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ബെൽഗൊറോഡ്. ഓഗസ്റ്റിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേരും ജൂണിൽ നടത്തിയ ആക്രമണത്തിൽ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും അധികം ആളുകൾ റഷ്യയിൽ കൊല്ലപ്പെടുന്നത് ആദ്യമാണ്.
യുക്രെയ്ൻ ആണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് സ്ഥിരീകരിച്ചു. എന്നാൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ന്റെ വിശദീകരണം.