കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തിയ റഷ്യ കുട്ടികളെയടക്കം 84ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി.
സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു.
മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല.
യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.