മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളുടെയും പശ്ചാത്തലത്തില്‍ പുതിയ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ലോകത്തെ ഏറ്റവും ശക്തവും വേഗമേറിയതുമെന്ന് അവകാശപ്പെടുന്ന ബ്യൂറെവെസ്റ്റ്‌നിക് എന്ന ‘സ്‌കൈഫാള്‍’ മിസൈലാണു റഷ്യ പരീക്ഷിച്ചത്. നാറ്റോ നല്‍കിയതാണു ‘സ്‌കൈഫാള്‍’ എന്ന പേര്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ 2018ല്‍ തന്നെ ഈ മിസൈലിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. യുദ്ധതന്ത്രത്തില്‍ മേധാവിത്വം തുടരാന്‍ ഇതു റഷ്യയെ സഹായിക്കുമെന്നു പുട്ടിന്‍ പറഞ്ഞു. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ആണവ പോര്‍മുന വഹിക്കാനാകുന്ന ക്രൂസ് മിസൈലാണിത്. 20,000 കിലോമീറ്ററിലേറെ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണു ‘സ്‌കൈഫാള്‍’ മിസൈലെന്നാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട്.
റഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു യുഎസിനെ ലക്ഷ്യമിടാന്‍ മിസൈലിനു സാധിക്കും. 50-100 മീറ്റര്‍ താഴ്ന്നു പറക്കുന്ന മിസൈലിനു വ്യോമപ്രതിരോധ റഡാര്‍ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യത്തിലെത്താം എന്നതും പ്രത്യേകതയാണ്. സ്ഥിരതയുള്ള മനസ്സുള്ളവരാരും റഷ്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിക്കില്ലെന്നു സ്‌കൈഫാള്‍ കരുത്തിനെ സൂചിപ്പിച്ച് പുട്ടിന്‍ അഭിപ്രായപ്പെട്ടു.