റഷ്യയും യുക്രെയ്നും തമ്മിൽ ഏറ്റുമുട്ടൽ ശക്തം; ഇരുഭാഗത്തും കനത്ത ആൾനാശം

കീവ് : യുക്രെയ്നും റഷ്യയും ഏറ്റുമുട്ടൽ ശക്തമാക്കിയതോടെ ഇരുഭാഗത്തും കനത്ത ആൾനാശമെന്ന് ബ്രിട്ടന്റെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യയ്ക്ക് ഏറ്റമുമധികം നാശമുണ്ടായ ബഹ്മുത് പോരാട്ടത്തിലേക്കാൾ തീവ്രമാണ് ഇപ്പോൾ സാപൊറീഷ്യ, ഡോണെറ്റ്സ്ക് പ്രവിശ്യകളിൽ നടക്കുന്ന ഏറ്റുമുട്ടലുകളിലെ ആൾനാശം. യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായ മിസൈൽ വർഷത്തിലൂടെ പരമാവധി നാശമുണ്ടാക്കാൻ റഷ്യയും ശ്രമിക്കുന്നു.

ഇതേസമയം, ഹേഴ്സൻ പ്രവിശ്യയിലെ നിപ്രോ നദിയിലെ വൻഅണക്കെട്ടു തകർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 16 ആയതായി യുക്രെയ്ൻ അറിയിച്ചു. ഈ മാസം 6നാണ് അണക്കെട്ട് തകർന്നത്.

റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 29 പേർ മരിച്ചതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യ നടത്തിയ സ്ഫോടനത്തിലാണ് അണക്കെട്ട് തകർന്നതതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതേസമയം, സമാധാനത്തിനുള്ള ആഫ്രിക്കൻ യൂണിയൻ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. യുക്രെയ്നും റഷ്യയും സന്ദർശിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ യുദ്ധം നിർത്താൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

Top